കേരളം
കനത്തമഴയില്‍ ഇരുനില വീട് തകര്‍ന്നുവീണു
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വീണ്ടുമെത്തിയ കനത്തമഴയില്‍ തമിഴ്‌നാട്ടില്‍ വലിയ തോതിലുള്ള നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വെല്ലൂരില്‍ വീടിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞ് വീണ് ഒന്‍പത് പേരാണ് മരിച്ചത്. നിരവധിയിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയത് ദുരിതം ഇരട്ടിയാക്കി.
ഇപ്പോള്‍ വെല്ലൂരില്‍ തന്നെ പുഴയുടെ തീരത്തുള്ള രണ്ടുനില വീട് ഒലിച്ചുപോകുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. പാലാര്‍ പുഴയുടെ തീരത്ത് നിര്‍മ്മിച്ച വീടാണ് കുത്തൊഴുക്കില്‍ ഒലിച്ചുപോയത്. തീരം ഇടിഞ്ഞതിനെ തുടര്‍ന്ന് വീട് വെള്ളത്തിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു.
വീട്ടിലുള്ളവരെ അടിയന്തരമായി ഒഴിപ്പിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി എന്നാണ് റിപ്പോര്‍ട്ടുകള്‍. വീഡിയോയുടെ തുടക്കത്തില്‍ പുഴയുടെ തീരത്ത് വീണു, വീണില്ല എന്ന മട്ടില്‍ കെട്ടിടം നില്‍ക്കുന്നത് കാണാം.
ഏതാനും നിമിഷങ്ങള്‍ക്കം കെട്ടിടം വെള്ളത്തിലേക്ക് തകര്‍ന്നുവീഴുന്നു. കനത്തമഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ജില്ലാ ഭരണകൂടം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചതായാണ് വിവരം. വെള്ളപ്പൊക്കത്തില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.