Connect with us

Kerala

ആശുപത്രികള്‍ക്ക് 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കണം; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

Published

on

സംസ്ഥാനത്തെ ആശുപത്രികളില്‍ 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. പ്രതികളുടെ വൈദ്യപരിശോധന നടത്തുന്ന സമയത്തും സുരക്ഷ ഉറപ്പാക്കണം. മജിസ്‌ട്രേറ്റിന് മുന്നില്‍ പ്രതിയെ ഹാജരാക്കുമ്പോള്‍ പാലിക്കുന്ന അതേ സുരക്ഷ തന്നെ ഡോക്ടറുടെ മുന്നില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് ഹാജരാക്കുമ്പോഴും വേണമെന്നും കോടതി ആവശ്യപ്പെട്ടു.

കേരളത്തിലെ പൊലീസ് മികച്ച സേന തന്നെയാണ്. അതുകൊണ്ടാണ് ജനങ്ങള്‍ സമാധാനത്തോടെ കിടന്നുറങ്ങുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഡോ. വന്ദന കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ട്. പരിശോധനയ്ക്കായി ഒരാളെ കൊണ്ടുവരുമ്പോള്‍, പൊലീസിന് ഒരു ഉത്തരവാദിത്തവുമില്ലേ എന്നും കോടതി ചോദിച്ചു.

ഒരു പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ഒരു പൊലീസുകാരന്‍ എന്താണ് ചെയ്യേണ്ടത്? ഉപയോഗിക്കാവുന്ന ന്യായമായ ശക്തി എന്താണ്? കോടതി ആരാഞ്ഞു. ജീവന്‍ കളഞ്ഞും ഡോക്ടറെ പൊലീസ് സംരക്ഷിക്കണമായിരുന്നുവെന്ന് എഡിജിപി കോടതിയില്‍ സമ്മതിച്ചു. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവന്‍ വെടിഞ്ഞ നിരവധി സംഭവങ്ങള്‍ പൊലീസ് സേനയ്ക്ക് പറയാനാകുമെന്നും എഡിജിപി പറഞ്ഞു.

പ്രതികളെ പരിശോധനയ്ക്ക് കൊണ്ടുവരുമ്പോള്‍ ഒരു പ്രോട്ടോക്കോള്‍ കൊണ്ടുവരേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ഒരാഴ്ചയ്ക്കകം പ്രോട്ടോക്കോളിന് രൂപം നല്‍കുമെന്ന് എഡിജിപി അറിയിച്ചു. പൊലീസിന്റെ പ്രോട്ടോക്കോളിന് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകരുത് എന്നതു മാത്രമാണ് പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി.കേസ് പിന്നീട് പരിഗണിക്കാനായി മാറ്റി.

Advertisement