കേരളം
സംസ്ഥാനത്തെ ആറ് ആശുപത്രികളുടെ സമഗ്ര വികസനത്തിന് 74.45 കോടി
സംസ്ഥാനത്തെ ആറ് ആശുപത്രികളുടെ സമഗ്ര വികസനത്തിനായി നബാര്‍ഡിന്റെ സഹായത്തോടെ 74.45 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ.
കണ്ണൂര്‍ പിണറായി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ 19.75 കോടി രൂപ, എറണാകുളം തൃപ്പുണ്ണിത്തറ താലൂക്ക് ആശുപത്രി 10 കോടി, കണ്ണൂര്‍ ആറളം കീഴ്പ്പള്ളി സാമൂഹ്യാരോഗ്യ കേന്ദ്രം 11.40 കോടി, കൊല്ലം പാലത്തറ സാമൂഹികാരോഗ്യ കേന്ദ്രം 10 കോടി, കണ്ണൂര്‍ ഇരിക്കൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രം 11.30 കോടി, തൃശൂര്‍ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രി 12 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്.
ഇതിലൂടെ ആശുപത്രി വികസനത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. സാങ്കേതികാനുമതിയ്ക്കും ടെണ്ടറിനും ശേഷം എത്രയും വേഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
അത്യാഹിത വിഭാഗം, ഒപി, വാര്‍ഡ്, ഐസിയുകള്‍, എസ്.ടി.പി., ജനറല്‍ സ്റ്റോര്‍, ഫാര്‍മസി സ്റ്റോര്‍, കാര്‍ പാര്‍ക്കിംഗ്, ഡയാലിസിസ് യൂണിറ്റ്, എക്സറേ യൂണിറ്റ്, സ്കാനിംഗ് സെന്റര്‍ എന്നിവ സജ്ജമാക്കും. കാര്‍ഡിയാക്, കാന്‍സര്‍, ടിബി എന്നീ വിഭാഗം രോഗികള്‍ക്ക് പ്രത്യേക സൗകര്യങ്ങളുമുണ്ടാകും.