കേരളം
അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, രണ്ട് ജില്ലകളിൽ ഭാഗിക അവധി
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുന്നു. അഞ്ച് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് പൂർണമായും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ജില്ലകളിൽ ഭാഗികമായി അവധിയാണ്. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്ക് പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. വടക്കൻ കേരളത്തിൽ മഴ തുടരുന്നതിനാൽ എ പി ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പരീക്ഷ കൺട്രോളർ അറിയിച്ചു.
ആലപ്പുഴയിൽ വെള്ളപ്പൊക്കം രൂക്ഷം
ആലപ്പുഴയിൽ താഴ്ന്ന പ്രദേശങ്ങളിലും തീരദേശ മേഖലകളിലും ദുരിതം തുടരുന്നു. മുട്ടാർ, കാവാലം, തലവടി, എടത്വ, തകഴി, ചമ്പക്കുളം, പുളിങ്കുന്ന്, വെളിയനാട്, രാമങ്കരി പഞ്ചായത്തുകളിലാണ് വെള്ളപ്പൊക്കം രൂക്ഷം. കുട്ടനാടൻ മേഖലയിൽ മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാട്ടർ ആംബുലൻസുകൾ സജ്ജമാണ്. എംസി റോഡിൽ വിവിധ ഇടങ്ങളിൽ വെള്ളക്കെട്ട് ശക്തമായി പൂവം ഭാഗത്ത് ഗതാഗതം തടസ്സപ്പെട്ടു. കുട്ടനാടിന് മാത്രമായി മൂന്ന് ഫ്ലോട്ടിങ് ഡിസ്പെൻസറികളും അനുവദിച്ചു. ചെങ്ങന്നൂരിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂക്ഷം.
പാണ്ടനാട്, തിരുവൻവണ്ടൂർ, ഇരിമല്ലിക്കര, എണ്ണക്കാട്, ബുധനൂർ, വെണ്മണി തുടങ്ങിയ പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്. ഒറ്റമശ്ശേരി, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, പുറക്കാട് മേഖലകളിൽ കടലേറ്റം ശക്തമാണ്. 3.5 മുതൽ 4.3 വരെ മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദേശം തുടരുന്നു. ആലപ്പുഴ ജില്ലയിൽ 10 കോടി രൂപയുടെ കൃഷിനാശമാണ് പ്രാഥമികമായി കണക്കാക്കുന്നത്.
25 ക്യാമ്പുകളിലായി 472 കുടുംബങ്ങളിലെ 1686 പേരെ ജില്ലയിൽ മാറ്റി താമസിപ്പിച്ചു. ചെങ്ങന്നൂർ 11, ചേർത്തല 4, മാവേലിക്കര 2, കുട്ടനാട് 5, അമ്പല 3, എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 170 വീടുകൾക്കാണ് ജില്ലയിൽ കാലവർഷക്കെടുതിയിൽ നാശനഷ്ടം സംഭവിച്ചത്. രണ്ട് വീടുകൾ പൂർണമായും 168 വീടുകൾ ഭാഗികമായും തകർന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ മികച്ച സൗകര്യമൊരുക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.