കേരളം
നേമത്തെ സ്ഥാനാർത്ഥി ചർച്ചയ്ക്കായി കെ മുരളീധരൻ ഡൽഹിയിലേക്കെന്ന് സൂചന
നേമത്തെ സ്ഥാനാർത്ഥി ചർച്ചകളാണ് ഇപ്പോൾ യുഡിഎഫിനെ കുഴയ്ക്കുന്ന വിഷയം. എങ്ങുമെത്താത്ത ചർച്ച ഒടുവിൽ കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കുന്നതിലേക്കാണ് എത്തി നിൽക്കുന്നതെന്നാണ് സൂചന. നേരത്തെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും പരിഗണിച്ചിരുന്നു എന്ന വാർത്തകൾ പുറത്തു വന്നിരുന്നു.
എന്നാൽ ഉമ്മൻ ചാണ്ടി പുതുപ്പള്ളി വിട്ട് എങ്ങോട്ടും ഇല്ല എന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കെ മുരളീധരനെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്. നാളെ രാവിലെ കെ മുരളീധരൻ ഡൽഹിയിലേക്ക് തിരിക്കും. നേമത്തെ സ്ഥാനാർത്ഥി ചർച്ചയാണ് ഹൈക്കമാൻഡ് കെ മുരളീധരനെ വിളിപ്പിച്ചതിന് പിന്നിലെന്നാണ് സൂചന. നേമത്ത് മത്സരിക്കാൻ തയ്യാറാണെന്ന് നേരത്തെ തന്നെ കെ മുരളീധരൻ വ്യക്തമാക്കിയിരുന്നു.
അതേസമയം ഉമ്മന്‍ ചാണ്ടി ഇല്ലെങ്കില്‍ ശശി തരൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്നത് ഉചിതമെന്ന നിലപാടിലാണ് രാഹുൽ ഗാന്ധി. ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ദേശീയ തലത്തില്‍ ഗുണം ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു. നേമത്തേക്ക് കൂടുതല്‍ പേരെ ഹൈക്കമാന്‍ഡ് പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.
മുല്ലപ്പള്ളി രാമചന്ദ്രന്, വി എം സുധീരന് എന്നിവരുടെ പേരും പട്ടികയിലുണ്ട്. കെ മുരളീധരനും ശശി തരൂരും സാധ്യതാ പട്ടികയില്‍ തുടരും. നേമം മണ്ഡലത്തിൽ ജനസമ്മിതിയുളള പ്രശസ്തനായ സ്ഥാനാർഥി വരുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.