കേരളം
ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതിന് എതിരായ ഹര്‍ജി തള്ളി ഹൈക്കോടതി
വിവാദ വ്‌ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് മോട്ടോര്‍വാഹന വകുപ്പിന് എതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. രൂപമാറ്റം വരുത്തിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ നടപടിയെ ചോദ്യം ചെയതാണ് ഇ ബുള്‍ ജെറ്റ് ഹര്‍ജി നല്‍കിയത്. വാഹനം വിട്ടുകിട്ടണമെന്ന ആവശ്യവും സിംഗിള്‍ ബഞ്ച് നിരാകരിച്ചു. നിയമാനുസൃതമായ നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.
നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്‌ട്രേഷനാണ് മോര്‍ട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയത്. വാഹനം മോടി പിടിപ്പിച്ചത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് വ്‌ളോഗര്‍ സഹോദരന്മാരായ എബിനും ലിബിനും മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വാഹനം രൂപമാറ്റം വരുത്തിയത് സംബന്ധിച്ചുള്ള വിഷയത്തില്‍, ഇവര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലായിരുന്നു രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്.
ആറ് മാസത്തേക്കായിരുന്നു രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. ഓഗസ്റ്റ് ഒമ്പതിന് കണ്ണൂര്‍ ആര്‍ടി ഓഫീസില്‍ എത്തി പ്രശ്‌നമുണ്ടാക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും, ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം നില്‍ക്കുകയും ചെയ്ത കേസില്‍ എബിനും ലിബിനും അറസ്റ്റിലായിരുന്നു.
നിരത്തുകളിലെ മറ്റ് വാഹനങ്ങള്‍ക്ക് പോലും ഭീഷണിയാകുന്ന തരത്തിലുള്ള ലൈറ്റുകളും ഹോണുകളുമാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയത്. നേരത്തെ പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇവര്‍ ഏഴായിരം രൂപ കെട്ടിവച്ചിരുന്നു.