കേരളം
വന്യജീവി ആക്രമണം തുടർക്കഥ, വയനാട്ടിൽ ചൊവ്വാഴ്ച ഹർത്താൽ
ഈ മാസം 13 ന് വയനാട് ജില്ലയിൽ ഹർത്താൽ. കാർഷിക സംഘടനകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വയനാട്ടിൽ കർഷക സംഘടനകൾ കഴിഞ്ഞ നാല് വർഷക്കാലമായി വയനാട്ടിൽ സമരവും പ്രതിഷേധവും നടത്തുകയാണ്. എന്നിട്ടും ഭരണകൂടം മുഖം തിരിക്കുകയാണെന്ന് സംഘടനകൾ ആരോപിക്കുന്നു. അഞ്ച് ലക്ഷം രൂപയാണ് വയനാട്ടിലെ ജനങ്ങൾക്കിട്ടിരിക്കുന്ന വിലയെന്നും സംഘടനാ പ്രതിനിധികൾ പറയുന്നു. ഇന്നലെ ജനങ്ങൾ ജില്ലാ ഭരണകൂട പ്രതിനിധകളെ വളഞ്ഞപ്പോൾ മാത്രമാണ് മരണപ്പെട്ട അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ചതെന്നും പ്രതിനിധികൾ ആരോപിക്കുന്നു.
ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ. നിർബന്ധിച്ച് കടകൾ അടപ്പിക്കാനോ വാഹനം തടയാനോ തങ്ങൾ മുതിരില്ലെന്നും, മനഃസാക്ഷി മരവിക്കാത്തവർ ഹർത്താലിനോട് സഹകരിക്കണമെന്നും കർഷക സംഘടനകൾ പറയുന്നു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!