കേരളം
ആലപ്പുഴ ജില്ലാ കളക്ടറായി ഹരിത വി കുമാര്‍ ചുമതലയേറ്റു
ആലപ്പുഴ ജില്ലയുടെ 56-ാമത് കളക്ടറായി ഹരിത വി കുമാര്‍ ചുമതലയേറ്റു. രാവിലെ എത്തിയ കളക്ടറെ എ ഡി എം എസ്.സന്തോഷ് കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ ആശ സി എബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ജില്ലയില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് ചുമതലയേറ്റ ശേഷം ഹരിത വി കുമാര്‍ പറഞ്ഞു.
തൃശ്ശൂര്‍ കളക്ടറായിരിക്കെയാണ് സ്ഥലം മാറ്റം ലഭിച്ച് ആലപ്പുഴ ജില്ലയില്‍ എത്തിയത്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ ഹരിത വി. കുമാര്‍ 2013 ഐ എ എസ് ബാച്ചുകാരിയാണ്. തൃശൂർ സബ്കളക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. 2012ല്‍ ഐ എ എസ് പരീക്ഷയ്ക്ക് ഒന്നാം റാങ്ക് നേടിയിരുന്നു.
നേരത്തെ സിവിൽ സപ്ലൈസ് ഡയറക്ടർ, കോളേജീയേറ്റ് എഡുക്കേഷൻ ഡയറക്ടർ, അർബൻ അഫയേർസ് ഡയറക്ടർ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.