കേരളം
അരിവിതരണം തടയൽ: തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ സർക്കാർ ഇന്ന് ഹൈക്കോടതിയിൽ
മുൻഗണനേതര വിഭാഗക്കാർക്ക് പതിനഞ്ച് രൂപക്ക് 10 കിലോ സ്‌പെഷ്യൽ അരി വിതരണം ചെയ്യുന്നത് തടഞ്ഞ തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും.
ഇത് സ്‌പെഷ്യൽ അരി എന്ന നിലയിൽ നേരത്തെയും വിതരണം ചെയ്തതായിരുന്നുവെന്നും ബജറ്റിൽ പ്രഖ്യാപിച്ചതാണ് എന്നുമാണ് സർക്കാരിന്‍റെ വാദം. പ്രതിപക്ഷത്തിന്റെ പരാതിയെ തുടർന്ന് അരിവിതരണം തെരെഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞിരുന്നു.
സ്കൂൾ വിദ്യാർത്ഥികൾക്കുള്ള അരി വിതരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സർക്കാർ വിശദീകരണം നൽകിയിട്ടുണ്ട്. ഇത് പുതിയ പ്രഖ്യാപനമല്ലെന്നും നേരത്തെയും നൽകി വന്നിരുന്ന നടപടികളുടെ തുടർച്ചയാണെന്നുമാണ് സർക്കാർ കമ്മീഷനെ അറിയിച്ചത്. ഇതിനിടെ വിഷു – ഈസ്റ്റർ സൗജന്യ കിറ്റ് വിതരണം ഇന്ന് തുടങ്ങിയേക്കും.
പെസഹ വ്യാഴവും ദുഃഖവെള്ളിയും പ്രമാണിച്ച് ഏപ്രിൽ ഒന്നും രണ്ടും അവധി ദിവസങ്ങളായതിനാൽ കട തുറക്കാനാകില്ലെന്ന് റേഷൻ വ്യാപാരികളുടെ സംഘടന വ്യക്തമാക്കിയതോടെയാണിത്. നേരത്തെ മാർച്ച് 25 മുതൽ കിറ്റ് നൽകി തുടങ്ങാനായിരുന്നു തീരുമാനമെങ്കിലും പിന്നീട് ഇത് ഏപ്രിൽ ഒന്നിലേക്ക് മാറ്റുകയായിരുന്നു.