കേരളം
കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. വികസന പദ്ധതികൾ തടസ്സപ്പെടുത്തുന്നുവെന്നാരോപിച്ചാണ് അന്വേഷണം. ഡോളർ, സ്വർണക്കടത്ത് കേസുകൾ വഴിതിരിച്ചുവിടുന്നുവെന്നും ആരോപണമുണ്ട്. റിട്ടയേഡ് ജഡ്ജി കെ വി മോഹനനെ കമ്മീഷനാക്കാൻ മന്ത്രി സഭായോഗത്തിൽ തീരുമാനം.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കൂടിയാണ് സർക്കാരിന്റെ അസാധാരണ നീക്കം. എന്നാൽ അന്വേഷണത്തിന്റെ നിയമസാധുത എത്രയെന്ന കാര്യത്തിൽ വ്യക്തതയില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൂടി അനുമതിയോടെ അന്വേഷണം പ്രഖ്യാപിക്കും.
നേരത്തേയും കേന്ദ്ര ഏജൻസികൾക്കെതിരെ സർക്കാർ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു . എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ സംസ്ഥാന ക്രൈംബ്രാഞ്ച് കേസെടുക്കുകയും ചെയ്തിരുന്നു. ഈ കേസിപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ഇനിയും നിയമ നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
അന്വേഷണ ഏജന്‍സിയിലെ ചില ഉദ്യോഗസ്ഥര്‍ വഴിവിട്ട് കാര്യങ്ങള്‍ നീക്കുകയാണ്. ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ അവര്‍ ചെയ്യുകയാണ്. അതിനാലാണ് നിയമ നടപടികളിലേക്ക് പോകുന്നത്. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ഇനിയും നിയമനടപടികളുണ്ടാകും. തുടര്‍ നടപടികളുമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.