Uncategorized
സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായകമായ 4 ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിച്ചു
സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായകമായ 4 ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പ്രതികള്‍ നശിപ്പിച്ചതായി കസ്റ്റംസ് കണ്ടെത്തി. സ്വര്‍ണക്കടത്തു കേസിലെ പ്രതി കോഴിക്കോട് സ്വദേശി ഷംജുവിന്റെ വീട്ടിലെത്തി മറ്റൊരു പ്രതി കെ.ടി റമീസ് സ്വര്‍ണം കൈമാറുന്ന സി.സി.ടി.വി ദൃശ്യങ്ങളാണു നശിപ്പിച്ചത്.
സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ കസ്റ്റംസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 4 ദിവസത്തെ ദൃശ്യങ്ങള്‍ നശിപ്പിച്ചതായി ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായതോടെ റിപ്പോര്‍ട്ട് എന്‍.ഐ.എ അടക്കമുള്ള ഏജന്‍സികള്‍ക്കും കൈമാറി.
കസ്റ്റംസ് ചോദ്യം ചെയ്യലിനിടയിലാണു ഷംജുവിന്റെ വീട്ടില്‍വച്ച് സ്വര്‍ണം കൈമാറിയതായി കെ.ടി.റമീസ് സമ്മതിച്ചത്. മേയ് 1 മുതല്‍ 26 വരെയുള്ള തീയതിക്കിടയിലെ 4 ദിവസങ്ങളില്‍ സ്വര്‍ണം കൈമാറിയെന്നായിരുന്നു റമീസിന്റെ മൊഴി. സ്വര്‍ണം കൈമാറിയ 4 ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ജനുവരി മുതല്‍ ജൂലൈ 9 വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും തെളിവുകള്‍ ലഭിച്ചില്ല. ദൃശ്യങ്ങള്‍ നശിപ്പിച്ചിട്ടുണ്ടോ എന്നു മനസ്സിലാക്കാനാണു കസ്റ്റംസ് സൈബര്‍ വിദഗ്ധരെ സമീപിച്ചത്.
ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചു നടത്തിയ പരിശോധനയില്‍ 4 ദിവസത്തെ ദൃശ്യങ്ങളില്‍ ചില ഭാഗങ്ങള്‍ നശിപ്പിച്ചതായി വ്യക്തമായി. ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാകാത്ത വിധം നശിപ്പിച്ചിരുന്നു.
ചോദ്യം ചെയ്യലില്‍ ഷംജു ഇക്കാര്യം സമ്മതിച്ചു. ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ ആധുനിക സാങ്കേതികവിദ്യയെ കൂട്ടുപിടിച്ചപ്പോള്‍ അതേ വിദ്യകൊണ്ട് അക്കാര്യം തെളിയിക്കുന്ന സാഹചര്യമാണു കേസിലുണ്ടായത്.
ദൃശ്യങ്ങള്‍ ലഭിച്ചില്ലെങ്കിലും തെളിവു നശിപ്പിച്ചതു ശാസ്ത്രീയമായി കസ്റ്റംസിനു തെളിയിക്കാനായി. റമീസും ഷംജുവും പലതവണ സ്വര്‍ണക്കടത്ത് നടത്തിയതായും നിരവധിയാളുകള്‍ ഷംജുവഴി സ്വര്‍ണക്കടത്തില്‍ പണം മുടക്കിയതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.