കേരളം
പുഞ്ചത്തോട്ടിലെ മാലിന്യ നിക്ഷേപം; കൊച്ചി കോര്‍പ്പറേഷന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി
കോര്‍പ്പറേഷന്‍ നഗര പരിധിയിലെ 48-ാം വാര്‍ഡിലെ പുഞ്ചത്തോട്ടില്‍ മാലിന്യം തള്ളുന്നതില്‍ കര്‍ശന നടപടി നിര്‍ദ്ദേശവുമായി ഹൈക്കോടതി. മാലിന്യ പ്രശ്‌നം പരിശോധിച്ച് കോര്‍പ്പറേഷന്‍ സെക്രട്ടറി ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ കോര്‍പ്പറേഷന്‍ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. എറണാകുളം ജില്ലാ കളക്ടര്‍ ആവശ്യമായ സഹായം നല്‍കണം. പുഞ്ചത്തോട്ടിലെ മാലിന്യ പ്രശ്‌നം രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി
കൊച്ചി പുഞ്ചത്തോട്ടില്‍ അജ്ഞാതര്‍ സ്ഥിരം മാലിന്യം തള്ളുന്നുവെന്നായിരുന്നു അമികസ് ക്യൂറിമാരുടെ റിപ്പോര്‍ട്ട്. ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് മൂലം സ്ഥിരം പരിശോധന സാധ്യമാകുന്നില്ല. കൊച്ചിയില്‍ പലയിടത്തും മാലിന്യം തള്ളുന്നുണ്ടെന്നും ഇതില്‍ നടപടി ആവശ്യമാണെന്നുമാണ് അമികസ് ക്യൂറിമാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
കൂടുതല്‍ മാലിന്യം പ്രദേശത്ത് തള്ളുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലുണ്ട്. ഉദ്യോഗസ്ഥര്‍ നേരിട്ടും സിസിടിവി ക്യാമറകള്‍ വഴിയും ഇക്കാര്യം ഉറപ്പാക്കണം. നിയമ ലംഘകര്‍ക്ക് എതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും ഹൈക്കോടതി. ഹൈക്കോടതി വിധി സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് ബോര്‍ഡ് സ്ഥാപിക്കണം. പൊതുസമൂഹത്തിന് അവബോധം ഉണ്ടാക്കാന്‍ ഹൈക്കോടതി ഉത്തരവ് മാധ്യമങ്ങള്‍ വഴി കൊച്ചി കോര്‍പ്പറേഷന്‍ പ്രസിദ്ധീകരിക്കണമെന്നുമാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.