കേരളം
സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂട്ടി
സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 107 രൂപ 41 പൈസയും ഡീസലിന് 100 രൂപ 96 പൈസയുമായി.കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 105.45 രൂപയും ഡീസലിന് 99.04 രൂപയുമായി.
കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 105.57 രൂപയും ഡീസൽ വില 99.26 രൂപയുമായി ഉയർന്നു.ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുകയാണ്. 20 ദിവസം കൊണ്ട് സംസ്ഥാനത്ത് ഡീസലിന് 5.50 രൂപയും പെട്രോളിന് 3.72 രൂപയുമാണ് വർദ്ധിച്ചത്.
പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്നു നില്ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ദിവസേന എണ്ണക്കമ്പനികൾ ഇന്ധനവില വർധിപ്പിക്കുന്നത് ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു.
എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ ഇന്ധന വില കുറയാതിരിക്കാൻ കാരണം, സംസ്ഥാനങ്ങൾ ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണെന്ന വാദമുയർത്തിയാണ് കേന്ദ്ര സർക്കാർ വില വർധനവിനെ പ്രതിരോധിക്കുന്നത്.