ദേശീയം
അധ്യാപകര്‍ക്കായി സൗജന്യ വാക്‌സിന്‍; സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടി കേന്ദ്രം
രാജ്യത്ത് സ്കൂളുകൾ തുറക്കുന്നതിന് മുൻപ് മുഴുവൻ അധ്യാപകർക്കും വാക്സിനേഷൻ എത്തിക്കാനുള്ള നടപടിയുമായി സർക്കാർ. സൗജന്യ വാക്സിൻ വിതരണത്തിന് കേന്ദ്രം സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടി. കമ്പനികളുടെ സാമൂഹ്യ ഉത്തരവാദിത്വ ഫണ്ട് (സിഎസ്ആര്‍) ഉപയോഗിച്ച് അധ്യാപകരെ സൗജന്യമായി വാകാസിനേറ്റ് ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടതായാണ് വിവരം. രാജ്യത്ത് 75 ലക്ഷം സ്‌കൂള്‍ അധ്യാപകരാണ് ഉള്ളത്.
ഇതില്‍ ഇരുപതു ശതമാനത്തിനു മാത്രമേ വാക്‌സിന്‍ ലഭിച്ചിട്ടുള്ളൂവെന്നാണ് കണക്ക്. സിഎസ്ആര്‍ ഫണ്ട് കൊവിഡ് വാക്‌സിനേഷനു ചെലവഴിക്കാമെന്ന് നേരത്തെ കോര്‍പ്പറേറ്റ് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ചെറു പട്ടണങ്ങളിലെ ആശുപത്രികള്‍ക്കാണ് ഇക്കാര്യത്തില്‍ കൂടുതല്‍ പങ്കു വഹിക്കാനാവുകയെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇതുവഴി അധ്യാപകരില്‍ നല്ലൊരു പങ്കിനും വേഗത്തില്‍ വാക്‌സിന്‍ നല്‍കാനാവുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ വാക്സിൻ ക്ഷാമത്തിന് താൽകാലിക ആശ്വാസമാകുകയാണ്. ഇതിന്റെ ആദ്യഘട്ടമായി 98,560 ഡോസ് കോവിഷീൽഡ് വാക്സിനാണ് തിരുവനന്തപുരത്ത് എത്തിച്ചത്. 75,000 ഡോസ് കോവാക്സിൻ വൈകിട്ട് എത്തുമെന്നാണ് വിവരം. ഇതോടെ താൽക്കാലിക ആശ്വാസമായിരിക്കുകയാണ്. വാക്സിൻ ഇന്നു തന്നെ ജില്ലകളിലേക്ക് വിതരണം ചെയ്യും. നാളെ മുതൽ വാക്സിനേഷൻ പുനരാരംഭിക്കും.
സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,20,88,293 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,56,63,417 പേര്‍ക്ക് ഒന്നാം ഡോസ് കിട്ടി, 64,24,876 പേര്‍ക്ക് രണ്ടാം ഡോസും നൽകി. 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 44.63 ശതമാനം പേര്‍ക്കാണ് ഒന്നാം ഡോസ് കിട്ടിയത്. 18.3 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സീന്‍ നല്‍കി.