കേരളം
കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയില്‍
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് പണം തട്ടിയ കേസിലെ മുഖ്യ പ്രതി പിടിയിലായി. തലശ്ശേരി സ്വദേശി മുഹമ്മദ് ഒനാസിസ് ആണ് അറസ്റ്റിലായത് .രണ്ട് വര്‍ഷം മുമ്ബ് വിദേശത്തേക്ക് കടന്ന മുഹമ്മദ് ഒനാസിസ് നാട്ടിലേക്ക് വരാന്‍ പഞ്ചാബിലെ അമൃതസര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴാണ് പോലീസിന്റെ വലയിലായത് . ചക്കരക്കല്ല് പോലീസിന്റെ പ്രത്യേക സംഘം അംഗം പ്രതി നാട്ടിലെത്തിച്ചു. വിദേശത്തേക്ക് മുങ്ങിയ മുഹമ്മദ് ഒനാസിസിന് വേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
2019 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എണ്‍പതിലധികം പേരില്‍ നിന്ന് രണ്ട് കോടിയോളം രൂപയാണ് മുഹമ്മദ് ഒനാസിസും സംഘവും തട്ടിയെടുത്തത്. 5 ലക്ഷം രൂപയാണ് ഓരോരുത്തരില്‍ നിന്നും ജോലിക്കായി ആവശ്യപ്പെട്ടത്. ഇതില്‍ രണ്ടര ലക്ഷം രൂപ അഡ്വാന്‍സായി കൈപ്പറ്റി. ബാക്കി തുക ജോലി ലഭിച്ചതിനുശേഷം നല്‍കണമെന്നായിരുന്നു കരാര്‍.
കേസില്‍ സിപിഎമ്മിന്റെ മുന്‍ പ്രാദേശിക നേതാവ് രാജേഷ് കഴിഞ്ഞവര്‍ഷം പിടിയിലായിരുന്നു. രാജേഷിന് എതിരെ പരാതികള്‍ ഉയര്‍ന്ന ഉടനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. സി പി എം നേതാക്കളുടെ പേര് ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയത്. മുഹമ്മദ് ഒനാസിസിന്റെ അക്കൗണ്ട് വഴിയാണ് പണം സ്വീകരിച്ചിരുന്നത്. കിയാല്‍ ഡയറക്ടര്‍ ബോര്‍ഡില്‍ സ്വാധീനം ഉണ്ട് എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
വിമാനത്താവളത്തിലെ പരിസരത്തേക്ക് ഉദ്യോഗാര്‍ത്ഥികളെ വിളിച്ചുവരുത്തി അവിടെ വെച്ചാണ് സര്‍ട്ടിഫിക്കറ്റുകളും മറ്റും രേഖകളും വാങ്ങിയത്. മുഹമ്മദ് ഒനാസിസിന് എതിരെ ചക്കരക്കല്ല് 1 പിണറായി, എടക്കാട്, കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനുകളിലായി ലഭിച്ച പരാതികളിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.