കേരളം
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം തുടരും; സെപ്റ്റംബർ മൂന്ന് വരെ തീയതി നീട്ടി
സംസ്ഥാന സർക്കാറിൻറെ ഓണക്കിറ്റ് വിതരണം സെപ്റ്റംബർ മൂന്ന് വരെ നീട്ടി. ഭക്ഷ്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലുള്ള കുടുംബങ്ങൾക്ക് കിറ്റുകൾ കൈപ്പറ്റാൻ കഴിഞ്ഞിട്ടില്ലായെന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തീയതി നീട്ടിയത്. കിടപ്പു രോഗികൾ, കോവിഡ് ബാധിതർ എന്നിവർക്ക് പകരം ആളെ ഏർപ്പാടാക്കി കിറ്റുകൾ കൈപ്പറ്റാവുന്നതാണെന്ന് മന്ത്രി അറിയിച്ചു.
ചൊവ്വാഴ്ച വൈകീട്ട് അഞ്ച് വരെ 85,99,221 കിറ്റുകൾ വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു. സാമൂഹികനീതി വകുപ്പിൻറെ കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്ത 10,174 ഉൾപ്പെടെ 86,09,395 ഓണ കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്.
വിവിധ കാരണങ്ങളാൽ ഓണക്കിറ്റ് കൈപ്പറ്റാൻ കഴിയാത്ത കാർഡുടമകൾ സെപ്റ്റംബർ മൂന്നിനകം കിറ്റുകൾ കൈപ്പറ്റേണ്ടതാണെന്ന് മന്ത്രി അറിയിച്ചു. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും കാർഡുടമകൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നപക്ഷം ബന്ധപ്പെട്ട ഡിഎസ്ഒ, ടിഎസ്ഒ ഓഫീസുകളുമായി ബന്ധപ്പെടാമെന്നും ഇതിനുള്ള നിർദേശം ഉദ്യോഗസ്ഥർക്ക് നൽകിയതായും മന്ത്രി അറിയിച്ചു.