കേരളം
‘അഞ്ച് വർഷങ്ങൾ, തീരാത്ത ദുരൂഹത’; ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
2018 സെപ്റ്റംബർ 25ന് കേരളം ഉണർന്നത് വയലിനിസ്റ്റ് ബാലഭാസ്കർ കുടുംബവുമായി സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടുവെന്നും മകൾ മരിച്ചുവെന്നുമുള്ള വാർത്ത അറിഞ്ഞുകൊണ്ടാണ്. ബാലു തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ കേരളം കാത്തിരുന്നു. എന്നാൽ പ്രാർഥനകൾ വിഫലമാക്കി ഒക്ടോബർ രണ്ട് നാടിനെ കണ്ണീരണിയിച്ചുകൊണ്ട് ബാലഭാസ്കറിന്റെ മരണവാർത്ത പുറത്തുവരികയായിരുന്നു.
സംഗീത ലോകത്തിന് പ്രിയപ്പെട്ട ബാലുവിന്റെ കണ്ണീർ ഓർമ്മകൾക്ക് അഞ്ചു വർഷം പിന്നിടുമ്പോൾ
മരണത്തില്‍ പുതിയ തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് കേരളഹൈക്കോടതി. ബാലഭാസ്കറിന്റെ പിതാവ് കെ.സി. ഉണ്ണി നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. മൂന്നു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി സിബിഐയ്ക്കു നിർദേശം നൽകി. ഗൂഢാലോചനയുണ്ടെങ്കിൽ അത് ഉൾപ്പെടെ പരിശോധിക്കാനും ഉത്തരവിലുണ്ട്. ബാലഭാസ്കറിന്റെ മരണത്തിനു പിന്നിൽ ഗൂഢാലോചനയില്ലെന്നും അപകടത്തിനു കാരണമായത് ഡ്രൈവറുടെ അശ്രദ്ധയാണെന്നും ഹർജി പരിഗണിക്കുമ്പോൾ സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ബാലഭാസ്കറിന്റേത് അപകടമരണമാണെന്നാണ് മുൻപ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചും കണ്ടെത്തിയിരുന്നത്. ഇതിനിടെയാണ് ബാലഭാസ്കറിന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ച് തുടരന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചത്. കേസിന്റെ എല്ലാ വശങ്ങളും സിബിഐ പരിശോധിച്ചിട്ടില്ലെന്നും ബാലഭാസ്കറിന്റെ മരണത്തിനു പിന്നിൽ ഗൂഢാലോചനയുടെ സാധ്യതകളുണ്ടെന്നുമാണു പിതാവ് ഹർജിയിൽ വ്യക്തമാക്കിയത്.
അപകട സമയത്ത് പ്രദേശത്തുണ്ടായിരുന്ന ദൃക്സാക്ഷികളിൽ ചിലരും ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു. യാത്രയുടെ ആരംഭം മുതൽ ചില കാര്യങ്ങളിലുണ്ടായിരുന്ന അനിശ്ചിതത്വവും സംശയത്തിന് ഇട നൽകി. ഇത്തരം വശങ്ങളൊന്നും പരിശോധിക്കാതെ ചില നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം നടത്തിയതെന്നാണു പരാതി.
ഈ സാഹചര്യത്തിൽ ബാലഭാസ്കർ ഉൾപ്പെട്ട അപകടത്തിലും മരണത്തിലും ഗൂഢാലോചനയുണ്ടോ എന്നതടക്കം പരിശോധിക്കുന്നതിനു തുടരന്വേഷണം വേണമെന്നാണു പിതാവിന്റെ ഹർജിയിലെ ആവശ്യം. മകന്റെ മരണത്തിനു പിന്നിലെ കാരണങ്ങൾ അറിയുന്നതിനു പിതാവിന് അവകാശമുണ്ട് എന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
നേരത്തെ, തുടരന്വേഷണ ഹർജിയിൽ വിധി പറയുന്നതുവരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ നടക്കുന്ന കേസിന്റെ വിചാരണ നിർത്തിവയ്ക്കണമെന്ന ഇടക്കാല ഉത്തരവു തുടരുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം, ശരിയായ അന്വേഷണമാണു നടത്തിയതെന്നും വിചാരണ തുടരാൻ അനുവദിക്കണമെന്നും സിബിഐയും ആവശ്യപ്പെട്ടു. ബാലഭാസ്കറും മറ്റും സഞ്ചരിച്ചിരുന്ന കാറിനു പിന്നാലെയുണ്ടായിരുന്ന കെഎസ്ആർടിസി ബസ്, അപകടം നടന്നയുടനെ സംഭവസ്ഥലത്ത് എത്തിയിരുന്നു. ബാലഭാസ്കറിനെയും മറ്റും ആരും ആക്രമിക്കുന്നതു കണ്ടതായി ബസ് ഡ്രൈവറിന്റെ മൊഴിയിൽ ഇല്ല. കാറിലുണ്ടായിരുന്ന ബാലഭാസ്കറിന്റെ ഭാര്യയും ഇത്തരമൊരു പരാതി പറഞ്ഞിട്ടില്ലെന്നും സിബിഐ അഭിഭാഷകൻ അറിയിച്ചു.