കേരളം
നരഭോജി കടുവയെ വെടിവെച്ചു കൊല്ലുന്നതിൽ കർഷകപക്ഷ നിലപാട് സ്വീകരിക്കും: വനം വകുപ്പ് മന്ത്രി
വയനാട് വാകേരിയിലെ നരഭോജി കടുവയെ വെടിവെച്ചു കൊല്ലുന്നതിൽ കർഷക പക്ഷ നിലപാട് സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കടുവയെ കണ്ടെത്താൻ വനം വകുപ്പ് പ്രദേശത്ത് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഡ്രോൺ നിരീക്ഷണം നടത്തുമെന്നും വനം വകുപ്പ് പൂർണ്ണ സജ്ജമെന്നും ഉത്തരമേഖല സിസിഎഫ് കെ എസ് ദീപ അറിയിച്ചു.
കടുവയെ പിടികൂടാനുള്ള ഊർജ്ജിത ശ്രമത്തിലാണ് വനം വകുപ്പ്. വിവിധ റാപ്പിഡ് റസ്പോൺസ് ടീം അംഗങ്ങൾ തെരച്ചിൽ തുടരുന്നുണ്ട്. പ്രദേശത്ത് കാമറകൾ സ്ഥാപിച്ചും കൂടൊരുക്കിയും ജാഗ്രത തുടരുകയാണ്. മൂടക്കൊല്ലി മേഖലയിൽ കഴിഞ്ഞ ദിവസവും കടുവാ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഈ പാശ്ചാത്തലത്തിൽ ഉത്തരമേഖല സിസിഎഫ്, കെ എസ് ദീപയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധന സഹായമായ 5 ലക്ഷം രൂപ കൈമാറി. പൂതാടി പഞ്ചായത്ത് പ്രസിഡണ്ടാണ് പണം കുടുംബത്തിന് കൈമാറിയത്. കഴിഞ്ഞ ദിവസമാണ് വയനാട് സ്വദേശി പ്രജീഷ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രാവിലെ തോട്ടത്തിലേക്കിറങ്ങിയ ആളെ ഉച്ചകഴിഞ്ഞും കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കടുവ പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.