കേരളം
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നിൽ ഉന്നതരുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നിൽ ഉന്നതരുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). സംസ്ഥാന രാഷ്ട്രീയത്തിലെ ഉന്നതർ ഉൾപ്പെട്ട തട്ടിപ്പാണ് നടന്നതെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. രാഷ്ട്രീയത്തിലെയും പൊലീസിലെയും ഹൈപ്രൊഫൈൽ വ്യക്തികൾ ഉൾപ്പെട്ട തട്ടിപ്പാണ് കരുവന്നൂരില്‍ നടന്നതെന്ന് ഇഡി ആരോപിക്കുന്നു. ആരുടെയും പേര് പരാമർശിക്കാതെയാണ് ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിലെ ആരോപണം.
തൃശൂരിലെ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷന്‍റെ അറസ്റ്റോടെ ഇ ഡി അന്വേഷണം ഇനി ആരിലേക്കെന്ന ചോദ്യമാണ് ഉയർന്നത്. അരവിന്ദാക്ഷൻ ഒറ്റയ്ക്കല്ലെന്നും കേസിൽ ഇനിയും പ്രതികളുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്‍റ് കോടതിയെ രേഖാമൂലം അറിയിച്ചത്. പല ഉന്നതരുമായും അരവിന്ദാക്ഷന് ബന്ധമുണ്ട്. ഇവരിൽ ആരൊക്കെ തട്ടിപ്പിന്‍റെ പങ്ക് പറ്റി എന്ന് കണ്ടെത്താനാണ് ഇഡി ശ്രമിക്കുന്നത്. ഇഡിയുടെ തുടർ നടപടി എം കെ കണ്ണനെയും എ സി മൊയ്തീനെയും ലക്ഷ്യമിട്ടാണെന്ന് ഉറപ്പായതോടെ രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള ഒരുക്കത്തിലാണ് സിപിഎം. ആരോപണവിധേയരടക്കം നടപടികൾ രാഷ്ട്രീയ വേട്ടയെന്ന് ആവർത്തിക്കുകയാണ്.
അതേസമയം, കേസില്‍ അറസ്റ്റിലായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി ആര്‍ അരവിന്ദാക്ഷന്‍റെ അമ്മയുടെ പേരിലും അക്കൗണ്ടുണ്ടെന്ന് ഇഡി കണ്ടെത്തി. അരവിന്ദാക്ഷന്‍റെ 90 വയസുള്ള അമ്മയുടെ പേരിൽ പെരിങ്ങണ്ടൂർ ബാങ്കിലുള്ള അക്കൗണ്ടില്‍ 63 ലക്ഷം രൂപയുടെ നിക്ഷേപമാണുള്ളത്. ഈ അക്കൗണ്ടിന്‍റെ നോമിനി കേസിലെ മുഖ്യ പ്രതിയായ സതീഷ് കുമാറിന്‍റെ സഹോദരൻ ശ്രീജിത്താണെന്നും ഇഡി കണ്ടെത്തി. അരവിന്ദാക്ഷന്‍റെ വിദേശ സന്ദർശനങ്ങളിലും അന്വേഷണം നടക്കുമെന്ന് ഇഡി അറിയിച്ചു.