കേരളം
പ്രതിദിനം 300 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനം വൈദ്യുതി നിയന്ത്രണത്തിലേക്കെന്ന് മുന്നറിയിപ്പുമായി മന്ത്രി
വൈദ്യുതി പ്രതിസന്ധി ഒരാഴ്ച കൂടി തുടര്‍ന്നാല്‍ കടുത്ത നടപടിയിലേക്ക് കടക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ മുന്നറിയിപ്പ്. നിലവില്‍ കേന്ദ്രവിഹിതത്തില്‍ 300 മെഗാവാട്ടിന്റെ കുറവ് ഉണ്ട്. ഇത് ഒരാഴ്ച കൂടി തുടര്‍ന്നാല്‍ കടുത്ത നടപടി സ്വീകരിക്കാന്‍ വൈദ്യുതി വകുപ്പ് നിര്‍ബന്ധിതരാകും. വൈദ്യുതി നിയന്ത്രണം ഉള്‍പ്പെടെ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പ്രതിദിനം 1650 മെഗാവാട്ട് വൈദ്യുതി ജലവൈദ്യുത പദ്ധതികളില്‍ നിന്നാണ് ലഭിക്കുന്നത്. 2200 മെഗാവാട്ട് വൈദ്യുതി പുറത്തുനിന്നാണ് കിട്ടുന്നത്.
കല്‍ക്കരിക്ഷാമത്തെ തുടര്‍ന്ന് പ്രതിദിനം 300 മെഗവാട്ടിന്റെ കുറവ് നേരിടുന്നുണ്ട്. ഇത് ഒരാഴ്ച കൂടി തുടര്‍ന്നാല്‍ കടുത്ത നടപടികളിലേക്ക് കടക്കേണ്ടി വരും. വൈദ്യുതി നിയന്ത്രണം ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാന്‍ നിര്‍ബന്ധിതരായേക്കുമെന്ന്് മന്ത്രി മുന്നറിയിപ്പ് നല്‍കി.കല്‍ക്കരി ക്ഷാമം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. പ്രശ്‌നം തീര്‍ന്നില്ലെങ്കില്‍ കടുത്ത നടപടികള്‍ വേണ്ടി വരും. വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് നാളെ ഉന്നതതലയോഗം വിളിച്ചതായും മന്ത്രി അറിയിച്ചു.
വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ എന്തെല്ലാം വഴികള്‍ സ്വീകരിക്കാന്‍ കഴിയുമെന്ന് യോഗം ചര്‍ച്ച ചെയ്യും. വൈദ്യുതി ക്ഷാമം തുടര്‍ന്നാല്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. വൈകീട്ട് ആറുമണി മുതല്‍ 11 മണിവരെയുള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നാണ് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കുന്നത്. ഇത് ഒഴിവാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്ന് നാളെ നടക്കുന്ന യോഗം ചര്‍ച്ച ചെയ്യും.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയ ശേഷം ഇതുവരെ സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തേണ്ടി വന്നിട്ടില്ല. മാസങ്ങള്‍ക്ക് മുന്‍പ് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പ്രചാരണരംഗത്ത് ഇത് എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇതിന്റെ കൂടി ബലത്തിലാണ് പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നത് എന്നാണ് പാര്‍ട്ടി കണക്കുകൂട്ടല്‍. ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചന നടത്തിയ ശേഷം മാത്രമേ വൈദ്യുതി നിയന്ത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.