കേരളം
പാലിയേക്കര ടോൾ പ്ലാസയിൽ ഇഡി റെയ്ഡ്; പരിശോധന സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതിയില്‍
സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ വൻ വിജയം. ആറ് മാസം കൊണ്ട് പത്ത് ലക്ഷം യാത്രക്കാരാണ് വാട്ടർ മെട്രോ വഴി സഞ്ചരിച്ചത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് പത്ത് ലക്ഷം യാത്രക്കാരെന്ന അഭിമാന നേട്ടം സ്വന്തമാക്കാനായതിന്റെ സന്തോഷത്തിലാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. മലപ്പുറം സ്വദേശിയായ ആറാം ക്ലാസുകാരിയാണ് വാട്ടർ മെട്രോ വഴി സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം പത്ത് ലക്ഷം തികച്ച യാത്രക്കാരി.
ഗതാഗത മേഖലയിൽ കേരളം ലോകത്തിന് മുന്നിൽ വച്ച അഭിമാന പദ്ധതിയാണ് കൊച്ചി വാട്ടർ മെട്രോ. 2016ൽ നിർമാണം തുടങ്ങി മൂന്ന് വർഷം കൊണ്ട് ജനങ്ങൾക്ക് സമർപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും യാഥാർത്ഥ്യമായപ്പോൾ 2023 ആയി. ആദ്യ ഘട്ടത്തിൽ എട്ട് ബോട്ടുകളാണ് സർവീസ് നടത്തിയത്. കഴിഞ്ഞ മാസം പത്താമത്തെ ബോട്ടും കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമ്മാണം പൂർത്തിയാക്കി കൈമാറി.
ഹൈക്കോടതി ടെർമിനൽ മുതൽ വൈപ്പിൻ വരെയായിരുന്നു ആദ്യ സർവീസ്. 20 രൂപയാണ് വാട്ടർ മെട്രോയിലെ കുറഞ്ഞ നിരക്ക്. കൂടിയ നിരക്ക് 40 രൂപ. മെട്രോ സ്റ്റേഷനുകൾക്ക് സമാനമായാണ് വാട്ടർ മെട്രോയുടെ ബോട്ട് ടെർമിനലുകൾ നിർമ്മിച്ചിരിക്കുന്നത്. എഎഫ്സി ഗേറ്റുകൾ, വേലിയേറ്റ വേലിയിറക്ക സമയങ്ങളിൽ ബോട്ടുമായി ഒരേ ലെവൽ നിലനിർത്താനാകുന്ന ഫ്ലോട്ടിംഗ് പോണ്ടൂണുകളും വാട്ടർ മെട്രോയുടെ പ്രത്യേകതകളാണ്.
ഏറ്റവും പ്രകൃതി സൗഹൃദമായ പൊതു ഗതാഗത സംവിധാനമെന്ന നിലയിൽ കേരളത്തിന്റെ ഈ പദ്ധതി വളരെയേറെ കീർത്തി നേടിയിരുന്നു. കൊച്ചിൻ ഷിപ്‍യാർഡിൽ നിർമ്മിച്ച ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകളാണ് സർവീസിനായി ഉപയോഗിക്കുന്നത്. ഒരു ബോട്ടിന് 7.5 കോടി രൂപയാണ് നിർമാണത്തിന് ചെലവായത്. വൈദ്യുതി ബാറ്ററിയിലും ഡീസൽ ജനറേറ്ററിലും പ്രവർത്തിപ്പിക്കാനാവുന്ന ബോട്ടുകളാണ് സർവീസിന് ഉപയോഗിക്കുന്നത്.