കേരളം
ബോബി ചെമ്മണ്ണൂരിനെതിരെ ഇ.ഡി; പ്രാഥമിക അന്വേഷണം ആരംഭിച്ചു
വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം ആരംഭിച്ചു. ഫെമ നിയമ ലംഘനത്തിൽ ഉൾപ്പെടെ പ്രഥമിക അന്വേഷണം തുടങ്ങി. ബോബി ചെമ്മണ്ണൂർ നിരധി ആളുകളിൽ നിന്ന് നിക്ഷേപമായി പണം സ്വീകരിക്കുന്നതും, ഈ തുക മറ്റു വ്യവസായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതുമാണ് ഇ.ഡി പരിശോധിക്കുന്നത്.
ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിൽ ഇന്ത്യയിലും വിദേശത്തുമുള്ള സ്വത്ത് വിവരങ്ങളും സാമ്പത്തിക ഇടപാടുകളുമാണ് ആദ്യ ഘട്ടത്തിൽ അന്വേഷിക്കുന്നത്. കള്ളപ്പണം ഇടപാട് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ നടന്നിട്ടുണ്ടോ എന്നും പരിശോധിക്കും.
‘ബൊചെ ടീ’ എന്ന പേരിൽ, തേയിലപ്പൊടിയുടെ മറവിൽ ബോബി ചെമ്മണ്ണൂർ ലോട്ടറി വ്യാപാരം നടത്തുന്നുണ്ടോ, ഇതിന്റെ മറവിൽ കള്ളപ്പണം ഇടപാട് നടന്നോ തുടങ്ങിയ കാര്യങ്ങൾ ഇ.ഡി പരിശോധിക്കുകയാണെന്നാണ് റിപ്പോർട്ട്. ബൊചെ ടീ-യ്ക്കെതിരെ കേരള ലോട്ടറി ഡയറക്ടർ പൊലീസിൽ പരാതി നൽകിയിരുന്നു. ബൊചെ ടീ പാക്കറ്റിനുള്ളിലൂടെ ലോട്ടറി നൽകുന്നതാണ് ബോബി ചെമ്മണ്ണൂർ നടത്തിവരുന്ന ലോട്ടറി വ്യാപാരം.
ബോബി ചെമ്മണ്ണൂരിനെതിരെ നിലവിൽ രജിസ്ടർ ചെയ്തിട്ടുള്ള ലോട്ടറി വകുപ്പിന്റെ പരാതിയും, മറ്റു പരാതികളും പരിശോധിച്ച് ശക്തമായ അന്വേഷണം നടക്കുമെന്നാണ് വിവരം.