ആരോഗ്യം
രാവിലെ വെറുംവയറ്റില്‍ കുതിര്‍ത്ത ഈ ആറ് ഭക്ഷണങ്ങള്‍ കഴിക്കൂ; അറിയാം ഗുണങ്ങള്‍…
ശരീരത്തിന്‍റെ ആരോഗ്യത്തിനായി ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണകാര്യത്തില്‍ തന്നെയാണ്. കൃത്യസമയത്ത് ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കേണ്ട വിധത്തില്‍ കഴിക്കണം. ചില ഭക്ഷണങ്ങള്‍ കുതിര്‍ത്ത് കഴിക്കുന്നത് അവയുടെ ഗുണം കൂട്ടും. അത്തരത്തില്‍ രാവിലെ വെറുംവയറ്റില്‍ കുതിര്‍ത്ത് കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം….
ഒന്ന്…
ഈന്തപ്പഴം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് ഏറെ ഗുണകരമാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 എ1, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങള്‍ ഈന്തപ്പഴത്തിലുണ്ട്. ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത ഈന്തപ്പഴം രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കൂടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും. ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് ദഹനം എളുപ്പമാകാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ മലബന്ധം അകറ്റാനും സഹായിക്കും. കുതിര്‍ത്ത ഈന്തപ്പഴം കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും കൊളസ്ട്രോള്‍ കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുള്ളതിനാലും ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാലും പ്രമേഹ രോഗികള്‍ക്കും ഇവ കഴിക്കാം.
രണ്ട്…
വിറ്റാമിനുകളും മിനറലുകളും ധാരാളം അടങ്ങിയതാണ് ഉണക്കമുന്തിരി. ഇവ വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടും. ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും വണ്ണം കുറയ്ക്കാനുമൊക്കെ ഇവ സഹായിക്കും. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും കണ്ണിന്‍റെ ആരോഗ്യത്തിനും വിളര്‍ച്ചയെ തടയാനും എല്ലുകളുടെ ആരോഗ്യത്തിനും കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കാം.
മൂന്ന്…
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയതാണ് വാള്‍നട്സ്. വിറ്റാമിന്‍ ഇ, ഫോളിക് ആസിഡ്, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ ഇവ തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. കാത്സ്യം, പൊട്ടാസ്യം, അയേണ്‍, സിങ്ക് തുടങ്ങിയവയും വാള്‍നട്സില്‍ അടങ്ങിയിട്ടുണ്ട്. കുതിര്‍ത്ത വാള്‍നട്സ് കഴിക്കുന്നത് ഗുണം കൂട്ടുമെന്നും ന്യൂട്രീഷ്യന്മാര്‍ പറയുന്നു. വാൾനട്സില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയ വാള്‍നട്സ് വണ്ണം കുറയ്ക്കാനും സഹായിക്കും. ഇവ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കും. അതുവഴി ശരീരഭാരം നിയന്ത്രിക്കാം.
നാല്…
നാരുകൾ, പ്രോട്ടീൻ, വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവ അടങ്ങിയ കുതിർത്ത ബദാം രാവിലെ കഴിക്കുന്നത് ഒരു ദിവസത്തെ പോഷകങ്ങള്‍ ലഭിക്കാന്‍ സഹായിക്കും. കുതിർത്ത ബദാം ദഹനം വർധിപ്പിക്കുകയും ചെയ്യും. കൂടാതെ ഇവ ചീത്ത കൊളസ്‌ട്രോൾ നിയന്ത്രിക്കാനും നല്ല കൊളസ്‌ട്രോളിന്റെ ആരോഗ്യകരമായ അളവ് പ്രോത്സാഹിപ്പിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ബദാം കുതിര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിനും നല്ലതാണ്. ഉയർന്ന പ്രോട്ടീനും കുറഞ്ഞ കാർബോഹൈഡ്രേറ്റും ഉള്ള കുതിർത്ത ബദാം ശരീരഭാരം കുറയ്ക്കാനും ഗുണം ചെയ്യും.
അഞ്ച്…
ഉലുവ വെള്ളത്തിൽ കുതിർക്കുന്നത് അവയുടെ നാരുകൾ വർധിപ്പിക്കുകയും അവയുടെ ഗുണങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ കുതിര്‍ത്ത ഉലുവ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ ഏറെ സഹായിക്കും. ഉലുവ ചൂടുവെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം ആ വെള്ളം കുടിക്കുന്നത് ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്നും ന്യൂട്രീഷ്യന്മാര്‍ പറയുന്നു. വയറിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീരഭാരം നിയന്ത്രിക്കാനുമൊക്കെ ഇവ സഹായിക്കും. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ മാത്രമല്ല, നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ കൊളസ്ട്രോൾ കൂട്ടാനും ഉലുവയിട്ട വെള്ളം സഹായിക്കും. ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിനും കുതിര്‍ത്ത ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ആറ്…
കുതിര്‍ത്ത അത്തിപ്പഴം കഴിക്കുന്നത് ദഹനം സുഗമമാക്കാനുപകരിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ മലബന്ധം ഒഴിവാക്കാനും സഹായിക്കും. കൂടാതെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.