ആരോഗ്യം
വെറും വയറ്റില്‍ കറ്റാർവാഴ ജ്യൂസ് കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍…
നിരവധി ഗുണങ്ങളുള്ള ഒരു അത്ഭുത സസ്യമാണ് കറ്റാര്‍വാഴ. ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറ്റാര്‍വാഴ ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. സൗന്ദര്യ സംരക്ഷണത്തിനുള്ള പല ഉത്പന്നങ്ങളിലും ഒഴിച്ചു കൂടാനാവാത്ത ചേരുവയാണ് കറ്റാര്‍വാഴ. വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ കറ്റാര്‍വാഴ ചര്‍മ്മത്തിനും തലമുടിക്കും മാത്രമല്ല, ശരീരത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
രാവിലെ വെറുംവയറ്റില്‍ ചെറിയ അളവില്‍ കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. അതുപോലെ ദിവസവും ഒരു ഗ്ലാസ് കറ്റാർ വാഴ ജ്യൂസ് വെറും വയറ്റിൽ കുടിക്കുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും. ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുന്ന കറ്റാർവാഴ ജ്യൂസ് ശരീരത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പിനെ എരിച്ചു കളയാനും സഹായിക്കും. അതുപോലെ ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും ഇവ സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറ്റാര്‍വാഴയുടെ ജ്യൂസ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. വായുടെ ആരോഗ്യത്തിനും ദന്തസംരക്ഷണത്തിനും കറ്റാർവാഴ ഉത്തമമാണ്. ഇവയുടെ ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾ വായ ശുചിയാക്കി വയ്ക്കും.
കറ്റാർവാഴ ജ്യൂസ് തയ്യാറാക്കേണ്ട വിധം…
ആദ്യം കറ്റാർവാഴ തണ്ട് ഫ്രഷായി മുറിച്ചെടുക്കുക. ശേഷം ഇതിന്‍റെ തൊലികളഞ്ഞ് ഉള്ളിലുള്ള ജെൽ എടുക്കുക. ഈ ജെല്ലിലേക്ക് രണ്ട് കഷ്ണം ഇഞ്ചിയും അര ടീസ്പൂൺ ചെറുനാരങ്ങാ നീരും കുറച്ച് വെള്ളവും ചേർത്ത് മിക്സിയിൽ ചേര്‍ത്ത് അടിച്ചെടുക്കുക. ഇത് അരിച്ചെടുത്ത ശേഷം തേനോ പഞ്ചസാരയോ ചേർത്ത് കുടിക്കാവുന്നതാണ്.