കേരളം
ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി ജി. സന്ദീപിനെ ജോലിയിൽ നിന്നും പിരിച്ച് വിട്ടു
ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി ജി. സന്ദീപിനെ ജോലിയിൽ നിന്നും പിരിച്ച് വിട്ടു. കൊല്ലം നെടുമ്പന യു പി സ്കൂൾ അദ്ധ്യാപകനായിരുന്നു പ്രതി സന്ദീപ്. ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് നടപടി. ഇയാളെ മുമ്പ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. സന്ദീപ് അധ്യാപക സമൂഹത്തിന് തന്നെ കളങ്കമാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
നാടിനെ ആകെ നടുക്കി കഴിഞ്ഞ മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഹൌസ് സർജനായ ഡോ. വന്ദന, സന്ദീപിന്റെ കൊലക്കത്തിക്ക് ഇരയായത്. സ്ഥിരം മദ്യപാനിയും ലഹരി കിട്ടാതെ വരുമ്പോഴുള്ള വിഭ്രാന്തിയുള്ളയാളായിരുന്നു പ്രതി സന്ദീപ്. പൊലീസാണ് പ്രതിയെ കൊട്ടാരക്കരയിലെ ആശുപത്രിയിലെത്തിച്ചത്. കുറ്റകൃത്യത്തെക്കുറിച്ച് ഉത്തമ ബോധ്യമുള്ള പ്രതി കൊല്ലുകയെന്ന ലക്ഷ്യത്തോടെ വന്ദനാ ദാസിനെ ആക്രമിക്കുകയായിരുന്നു. കഴിത്തിലും ഹൃദയത്തിലും ആഴത്തിൽ ആയുധം കുത്തിയിറക്കിയാണ് പ്രതി കൊലനടത്തിയത്.
കൊലപാതകം നേരിൽ കണ്ട ആശുപത്രി ജീവനക്കാർ, രോഗികൾ കൂട്ടിരിപ്പുകാർ , പൊലീസുകാർ ഉൾപ്പടെ 136 സാക്ഷികളുടെ മൊഴികളുളള കുറ്റപത്രം കഴിഞ്ഞ ദിവസമാണ് കോടതിയിൽ സമർപ്പിച്ചത്. കൊലപാതകത്തിന് പ്രതി ഉപയോഗിച്ച ഉപകരണം, സിസിടിവി ദൃശ്യങ്ങൾ, സന്ദീപിന്റെ ഷർട്ടിലെ വന്ദനാദാസിന്റെ രക്തക്കറ അടക്കം 110 തൊണ്ടിമുതലുകളും,ശാസ്ത്രീയ തെളിവുകളുമുണ്ട്. പോസ്റ്റ് മാർട്ടം, ഫോറൻസിക് റിപ്പോർട്ടുകൾക്കൊപ്പം സന്ദീപിന്റെ ശാരീരിക മാനസിക നില പരിശോധിച്ച വിദഗ്ദധ സംഘത്തിന്റെ മെഡിക്കൽ റിപ്പോർട്ടും ഉൾപ്പടെ 200 രേഖകളുമുണ്ട് കുറ്റപത്രത്തിൽ..കുറ്റപത്രം സ്വീകരിച്ച കൊട്ടാരക്കര കോടതി കേസ് കൊല്ലം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റും. വിചാരണ തീയതി പിന്നീട് തീരുമാനിക്കും