കേരളം
18 കോടിയുടെ മരുന്ന് സൗജന്യമായി നല്‍കാന്‍ ഇടപെട്ട ഡോക്ടർ; അറിയാതെ പോകരുത് ഡോ. സ്മിലു മോഹന്‍ലാലിനെ !!
ഇന്ന് നാടെങ്ങും സംസാര വിഷയമാണ് 18 കോടി രൂപ വിലയുള്ള അത്ഭുത മരുന്നിനെ കുറിച്ച്. എന്നാൽ തന്റെ മുന്നിലുള്ള രോഗിക്കായി 18 കോടിയുടെ മരുന്ന് സൗജന്യമായി ലഭ്യമാക്കാൻ പരിശ്രമിച്ച ഒരു ഡോക്ടറിനെ കുറിച്ച് അറിയാതെ പോകരുത്. അത്യപൂര്‍വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി(എസ്എംഎ) ബാധിച്ച മലപ്പുറം ജില്ലയിലെ ഒരു രോഗിക്ക് 18 കോടിയുടെ മരുന്ന് സൗജന്യമായി നല്‍കാന്‍ ഇടപെടല്‍ നടത്തിയ ഡോ. സ്മിലു മോഹന്‍ലാലിന് അഭിനന്ദന പ്രവാഹമാണ് ഇപ്പോൾ എത്തുന്നത്.
കണ്ണൂര്‍ മാട്ടൂലിലെ ഒന്നര വയസ്സുകാരന്‍ മുഹമ്മദിന്റെ ചികില്‍സയ്ക്ക് ആവശ്യമായ 18 കോടിയുടെ മരുന്നിന് വേണ്ടി കേരളം ഒറ്റക്കെട്ടായി കൈകോര്‍ത്തപ്പോഴാണ് കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജി സ്‌പെഷ്യലിസ്റ്റ് ഡോ. സ്മിലു മോഹന്‍ലാലിനെ കുറിച്ച് പുറംലോകം കൂടുതല്‍ പേര്‍ അറിഞ്ഞത്. മാട്ടൂലിലെ മുഹമ്മദിനെ ചികില്‍സിക്കുന്നത് ഡോ. സ്മിലു മോഹന്‍ലാല്‍ ഉള്‍പ്പെട്ട സംഘമാണ്. പീഡിയാട്രീഷ്യന്‍ വിഭാഗത്തില്‍ എംഡി ബിരുദധാരിയും പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോയുമായുമായ ഡോ. സ്മിലു മോഹന്‍ലാല്‍ എസ്എംഎ ബാധിതരുടെ സംഘടനയായ ക്യുവര്‍ എസ്എംഎയുമായി സഹകരിച്ചാണ് മരുന്ന് കമ്പനിയുമായി സംസാരിച്ച് രോഗിക്ക് മരുന്ന് സൗജന്യമാക്കിയത്.
2020 ഒക്ടോബര്‍ മാസത്തിലാണ് സംഭവമെങ്കിലും ഇപ്പോഴാണ് യുവ വനിതാ ഡോക്ടറുടെ ഇടപെടല്‍ ശ്രദ്ധിക്കപ്പെട്ടത്.സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന അസുഖം ബാധിച്ച രോഗികള്‍ നിലവില്‍ കേരളത്തില്‍ വളരെ കുറവായതിനാലും ഫലപ്രദമായ ചികില്‍സകളൊന്നും നമ്മുടെ നാട്ടില്‍ ലഭ്യമല്ലാതിരുന്നതിനാല്‍ ഈ മേഖലയിലെ ഇടപെടലുകള്‍ക്ക് അധികമാരും തയ്യാറാവാറില്ലായിരുന്നു. ഇത് മനസ്സിലാക്കിയാണ് ഡോ. സ്മിലു മോഹന്‍ലാല്‍ തന്റെ മുന്നിലുള്ള രോഗിക്കു വേണ്ടി ഇടപെട്ടതെന്ന് ആസ്റ്റര്‍ മിംസ് അധികൃതര്‍ അറിയിച്ചു.
എസ്എംഎ ബാധിതരുടെ ചികില്‍സയ്ക്കും മറ്റുമായി 1984 മുതല്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് ക്യുവര്‍ എസ്എംഎ. എസ്എംഎ ബാധിതരെ പിന്തുണയ്ക്കുകയും ഈ രോഗത്തെ കുറിച്ച് ബാധവല്‍ക്കരിക്കുകയും ലക്ഷ്യമിട്ടുള്ള വ്യക്തികള്‍, കുടുംബങ്ങള്‍, ക്ലിനിക്കുകള്‍, ഗവേഷണ ശാസ്ത്രജ്ഞര്‍ എന്നിവരുടെ ഒരു കൂട്ടായ്മയാണിത്. കെന്നറ്റ് ഹോബി പ്രസിഡന്റും പാംസ്വേങ്ക് ചീഫ് ഓഫ് സ്റ്റാഫായും പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയാണിത്.