കേരളം
വിഷു-ഈസ്റ്റര്‍ കിറ്റ് വിതരണം ആരംഭിച്ചു; സ്പെഷ്യല്‍ അരി വിതരണം ഇന്നുമുതല്‍
ഏപ്രിലിലെ വിഷു, ഈസ്‌റ്റര്‍ സ്‌പെഷ്യല്‍ ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചു. വിഷു, ഈസ്‌റ്റര്‍ ആഘോഷങ്ങള്‍ക്ക് മുൻപ് പരമാവധി ആളുകള്‍ക്ക് കിറ്റ് ലഭ്യമാക്കാനാണ് വിതരണം നേരത്തെയാക്കിയത്.കിറ്റ് എത്താത്ത റേഷന്‍ കടകളില്‍ ഉടന്‍ എത്തിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഫെബ്രുവരിയിലെ കിറ്റ് വിതരണം ബുധനാഴ്‌ച അവസാനിക്കും. മാര്‍ച്ചിലെ കിറ്റ് വാങ്ങാത്തവര്‍ക്ക് ഇപ്പോള്‍ വാങ്ങാം. ഒരു കിലോ പഞ്ചസാരയും അര ലിറ്റര്‍ വെളിച്ചെണ്ണയും പയര്‍ വര്‍ഗങ്ങളുമുള്‍പ്പടെ 14 ഇനമാണ് കിറ്റിലുള്ളത്.
സംസ്ഥാനത്തെ മുന്‍ഗണനേതര റേഷന്‍ കാര്‍ഡുകാര്‍ക്ക് 10 കിലോഗ്രാം വീതം അരി 15 രൂപ നിരക്കില്‍ ബുധനാഴ്‌ച മുതല്‍ നല്‍കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയില്‍ അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തിരുന്നു.
24.96 ലക്ഷം നീല കാര്‍ഡുകാര്‍ക്കും 25.92 ലക്ഷം വെള്ള കാര്‍ഡുകാര്‍ക്കും കുറഞ്ഞ നിരക്കില്‍ അരി ലഭിക്കും.കൊവിഡ് പ്രതിസന്ധിയെതുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ 2020 ഏപ്രില്‍ മുതല്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഭാഗമായാണ് വിഷു, ഈസ്‌റ്റര്‍ കിറ്റും.