കേരളം
മഹാകവി അക്കിത്തത്തിന് ഔദ്യോഗിക ബഹുമതികളോടെ വിട
മഹാകവി അക്കിത്തത്തിന് കേരളത്തിന്റെ യാത്രാമൊഴി. കുമരനെല്ലൂരിലെ അമേറ്റിക്കരയിലെ ‘ദേവായനം’ ഇനി ഇതിഹാസമുറങ്ങുന്ന വീട്. പ്രിയപത്നി ശ്രീദേവി അന്തര്‍ജനം അന്ത്യവിശ്രമം കൊള്ളുന്നതിന് തൊട്ടടുത്തായാണ് മഹാകവിയ്ക്കും ചിതയൊരുക്കിയത്. മൂത്ത മകന് അക്കിത്തം വാസുദേവന്‍ നമ്പൂതിരി ചിതയ്ക്ക് തീ കൊളുത്തി.
കേരളസാഹിത്യ അക്കാദമിയിലും സ്വവസതിയിലും പൊതു ദര്‍ശനത്തിനു വെച്ച മൃതദേഹത്തില്‍ രാഷ്ട്രീയസാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഒന്നരയ്ക്കു ശേഷം കുമരനെല്ലൂരിലെ വീട്ടില്‍ മന്ത്രി സി രവീന്ദ്രനാഥ്.
തൃത്താല എംഎല്‍എ വിടി ബല്‍റാം എന്നിവര്‍ അടക്കം നിരവധി പേര് അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. പൊതുദര്‍ശനത്തിനു വച്ച ശേഷം വൈകിട്ട് നാല് മുപ്പതിനാണ് സംസ്കാരച്ചടങ്ങുകള്‍ ആരംഭിച്ചത്. ആചാരവെടിക്ക് പകരം ബ്യൂഗിള്‍ വായിച്ച് ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം സംസ്കരിച്ചത്.