കേരളം
കൊടകര കുഴൽപ്പണക്കേസ്: പരാതിക്കാരനായ ധർമരാജന്റെ ഹവാല ബന്ധം പരിശോധിച്ച് പൊലീസ്
കൊടകര കുഴൽപ്പണ കവർച്ചാക്കേസിൽ പരാതിക്കാരനായ ധർമരാജന്റെ കർണാടകത്തിലെ ഹവാല ബന്ധങ്ങൾ പൊലീസ് വിശദമായി പരിശോധിക്കുന്നു. ആർഎസ്എസ് പ്രവർത്തകനായ ധർമരാജന് സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാക്കളുമായി അടുപ്പമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ധർമരാജന്റെ ഹവാല റാക്കറ്റിൽപ്പെട്ട റഷീദാണ് കവർച്ചാ സംഘത്തിന് വിവരം ചോർത്തിയതെന്നും തിരിച്ചറിഞ്ഞു.കർണാകത്തിലെ ഹവാല റാക്കറ്റിൽ നിന്നാണ് മൂന്നരക്കോടി രൂപ ആർഎസ്എസ് പ്രവർത്തകനായ ധർമരാജന് കിട്ടിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ആലപ്പുഴയിലെ ചില ബിജെപി നേതാക്കൾക്ക് കൈമാറാനായിരുന്നു നിർദ്ദേശം. കമ്മീഷൻ വ്യവസ്ഥയിലാണ് ധർമരാജൻ ഇടനിലക്കാരനായത്.
ആർഎസ്എസ് പ്രവർത്തകനായ ഇയാൾ സംസ്ഥാനത്തെ ചില മുതിർന്ന ബിജെപി നേതാക്കളുടെ വിശ്വസ്ഥനായിട്ടാണ് അറിയപ്പെടുന്നത്. ഈ അടുപ്പമാണ് ഹവാല ഇടപാടിന് ധർമാരാജനെ ചുമതലപ്പെടുത്താൻ കാരണമെന്നും പൊലീസ് കരുതുന്നു.മംഗലാപുരം വഴി ഈയടുത്ത കാലത്ത് ധർമരാജൻ വഴി കേരളത്തിലേക്ക് കോടിക്കണക്കിന് രൂപയുടെ ഹവാല പണം വേറെയും എത്തിയിട്ടുണ്ടെന്നും പൊലീസ് കണക്കുകൂട്ടുന്നു.