കേരളം
ശബരിമലയിൽ ഇന്നലെ വരെയെത്തിയ ഭക്തരുടെ കണക്ക് പുറത്തുവിട്ട് ദേവസ്വം ബോര്‍ഡ്, ഇന്നലെ മാത്രം 97000-ൽ അധികം
ശബരിമലയിൽ ഈ മണ്ഡലകാലത്ത് ഡിസംബർ 23 വരെ 25,69,671 പേർ ദർശനത്തിനെത്തിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. മണ്ഡലമഹോത്സവവുമായി ബന്ധപ്പെട്ട് സമയക്രമീകരങ്ങളും ഒരുക്കങ്ങളും വിശദീകരിക്കാൻ ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസിലെ കോൺഫറൻസ് ഹാളിൽ വിളിച്ച വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സ്‌പോട്ട് ബുക്കിങ് നിലവിൽ ദിവസവും 10000 എന്ന ക്രമത്തിൽ തുടരുകയാണ്. 15000 വരെയാക്കണമെങ്കിൽ ദേവസ്വം ബോർഡിന് തീരുമാനിക്കാവുന്നതാണെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. മകരവിളക്ക് ഉത്സവത്തിനായി നടതുറക്കുമ്പോൾ ജനുവരി മുതൽ സ്‌പോട്ട് ബുക്കിങ്ങിനുള്ള പരിധി 15000 ആക്കണമോ എന്ന് സർക്കാരുമായി ആലോചിച്ചശേഷം തീരുമാനമെടുക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
വ്വർചൽ ക്യൂ ബുക്കിങ് ഡിസംബർ 26ന് 64000വും മണ്ഡലപൂജാ ദിവസമായ 27ന് 70000 ആയി ക്രമപ്പെടുത്തിയിട്ടുണ്ട്. ജനുവരി മുതൽ വീണ്ടും 80000 ആകും. ഇന്നലെ (ഡിസംബർ 23) 97000ൽ അധികം പേർ ശബരിമല ദർശനത്തിനെത്തിയെന്നാണ് ദേവസ്വം ബോർഡിന്റെ കണക്കെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
തിരുവിതാംകൂർ മഹാരാജാവായിരുന്ന ചിത്തിരതിരുനാൾ ബാലരാമവർമയാണ് മണ്ഡലപൂജയ്ക്ക് ശബരിമല അയ്യപ്പന് ചാർത്താൻ 451 പവൻ തൂക്കമുള്ള തങ്ക അങ്കി സമർപ്പിച്ചത്. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് ഡിസംബർ 23ന് പുറപ്പെട്ട തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 26ന് ഉച്ചയ്ക്ക് 1.30ന് പമ്പയിലെത്തും.
ഘോഷയാത്രക്കു പമ്പയിൽ സ്വീകരണം നൽകും. വിശ്രമത്തിനുശേഷം തുടരുന്ന യാത്ര വൈകിട്ട് 5.15ന് ശരംകുത്തിയിലെത്തും. അവിടെ തങ്കഅങ്കി ഘോഷയാത്രയ്ക്കു ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ഔദ്യോഗികമായ സ്വീകരണം നൽകുമെന്നും പ്രസിഡന്റ് അറിയിച്ചു. ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ എച്ച്. കൃഷ്ണകുമാർ, പി.ആർ.ഒ. സുനിൽ അരുമാനൂർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.