കേരളം
കലാ-സാംസ്‌കാരിക പ്രവര്‍ത്തനത്തിന് അനുമതി വേണമെന്ന് വിവാദ സർക്കുലർ പിൻവലിച്ച് വിദ്യാഭ്യാസ വകുപ്പ്
ജീവനക്കാർ കലാ, സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നതിന് മുൻകൂർ അനുമതിവേണമെന്ന വിവാദ സർക്കുലർ വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വകുപ്പ് മേധാവികളെ അതൃപ്തി അറിയിച്ചു.
കലാ പ്രവർത്തനത്തിന് മുൻകൂർ അനുമതി വേണമെന്നും സാഹിത്യ സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നത് വിദ്യാഭ്യാസ ഉപഡയറക്ടർ പരിശേധിച്ചാകണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഇതിനായുള്ള അപേക്ഷകൾ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് സമർപ്പിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് വിചിത്ര നിർദ്ദേശങ്ങൾ വിവാദമായത്.
സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾക്ക് വിധേയമായി കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നതിനുള്ള അനുമതിക്കായി ധാരാളം അപേക്ഷകൾ ലഭിക്കുന്നുണ്ട്. ഈ അപേക്ഷകൾ യഥാവിധി പരിശോധിക്കാതെ വിവിധ ഓഫീസുകളിൽ നിന്നു സമർപ്പിക്കുന്നതിനാൽ പല അപേക്ഷകളും മടക്കി നൽകേണ്ട സാഹചര്യവും കാലതാമസവും നേരിടുന്നു.
ഈ സാഹചര്യത്തിലാണ് ഉത്തരവിറക്കിയതെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞത്. കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ ഈ നിർദേശങ്ങൾ പാലിക്കണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.