കേരളം
ഒറ്റ ദിവസം മാത്രം പ്രവര്‍ത്തിച്ച് പൂട്ടിയ മദ്യവില്‍പ്പന ശാല തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം
കാസര്‍കോട് ചെറുവത്തൂരില്‍ ഒറ്റ ദിവസം മാത്രം പ്രവര്‍ത്തിച്ച് പൂട്ടിയ മദ്യവില്‍പ്പന ശാല തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം. കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പന ശാല പൂട്ടിയത് പ്രദേശത്തെ ബാറിന് വേണ്ടിയാണ് എന്നാണ് ആരോപണം. ഇതേ ആവശ്യത്തില്‍ കഴിഞ്ഞ 20 ദിവസമായി സിഐടിയു കുത്തിയിരിപ്പ് സമരത്തിലാണ്.
കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പന ശാല തുറക്കണമെന്ന് ആവശ്യപ്പെട്ട് ചെറുവത്തൂര്‍ ടൗണില്‍ ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് പ്രകടനം സംഘടിപ്പിച്ചത്. സിപിഎം പ്രവര്‍ത്തകരും ഓട്ടോ തൊഴിലാളികളും ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു. നിയമാനുസൃതം തുറന്ന സ്ഥാപനം ഒരു പ്രതിഷേധവും ഇല്ലാതെ അടച്ച് പൂട്ടിയത് പ്രദേശത്തെ ബാറുടമയെ സഹായിക്കാനാണെന്നാണ് ആക്ഷേപം. സിപിഎം നേതാവ് ഇടപെട്ടാണ് ഇത് പൂട്ടിച്ചതെന്നാണ് ഉയരുന്ന ആരോപണം. തുറന്ന ഒറ്റ ദിവസം ഒന്‍പത് ലക്ഷത്തില്‍ അധികം വിറ്റുവരവുണ്ടായിട്ടും അടച്ച് പൂട്ടിയത് എന്തിനെന്ന് വ്യക്തമാക്കണമെന്നാണ് സിഐടിയു ചുമട്ട് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ 20 ദിവസമായി പൂട്ടിയ മദ്യവില്‍പ്പന ശാലയ്ക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരത്തിലാണിവര്‍. തൊഴില്‍ സംരക്ഷിക്കണമെന്നാണ് ചുമട്ട് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.
സമരത്തിന് പിന്തുണയുമായി സിപിഎം നേതൃത്വത്തെ ചോദ്യം ചെയ്യുന്ന ബാനറുകളും ഉയര്‍ന്നിട്ടുണ്ട്. സിപിഎം ശക്തികേന്ദ്രമായ ചെറുവത്തൂരില്‍ സിഐടിയു തന്നെ പാര്‍ട്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തിയത് പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാന്‍ അടിന്തര ജില്ലാ സെക്രട്ടറയേറ്റ് ചേര്‍ന്നെങ്കിലും ഫലമുണ്ടായില്ല.