കേരളം
ശബരിമലയിൽ ഭക്തജനത്തിരക്ക് കുറഞ്ഞു; നടപ്പന്തലിൽ ക്യൂ ഉള്ളത് ഒരു വരിയിൽ മാത്രം
ശബരിമലയിൽ തീര്‍ത്ഥാടകരുടെ എണ്ണത്തിൽ കുറവ്. മണ്ഡല ഉത്സവകാലത്തെ ഏറ്റവും കുറവ് തിരക്കാണ് ഇന്നുള്ളത്. എഴുപതിനായിരം പേർ വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്തെങ്കിലും ഇന്നലെ രാത്രി 12 മുതൽ ഇന്ന് ഉച്ചക്ക് 12 മണി വരെ ശബരിമലയിലേക്ക് എത്തിയത് 40,000 പേർ മാത്രമാണ്. 9 വരികളിലുള്ള വലിയ നടപ്പന്തലിൽ ക്യൂ ഉള്ളത് ഒരു വരിയിൽ മാത്രമാണ്.
സന്നിധാനത്തും പമ്പയിലും പെയ്യുന്ന ചാറ്റൽ മഴ തീർഥാടക പ്രവാഹം കുറയാൻ കാരണമെന്നാണ് കരുതുന്നത്. സന്നിധാനത്തും പമ്പയിലും ചെറിയ ചാറ്റൽ മഴ പെയ്യുന്നുണ്ട്. എരുമേലിയിൽ നിന്നുള്ള പാതയിലും ചെറിയ തോതിൽ മഴ പെയ്യുന്നു. കാലാവസ്ഥ അനുകൂലമല്ലാത്തതിനാലായിരിക്കാം തീർഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായതെന്നാണ് വിലയിരുത്തൽ. മണ്ഡലപൂജ അടുക്കുന്ന തോടുകൂടി തിരക്ക് വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് ദേവസ്വം ബോർഡിന്റെ നിഗമനം.
ശബരിമലയിലെ തീര്‍ത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ ഇടിവ് സംഭവിച്ചതായി ദിവസം ബോർഡ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 28 ദിവസത്തെ കണക്ക് പരിശോധിക്കുമ്പോള്‍ ഈ വര്‍ഷം ഒന്നര ലക്ഷം തീര്‍ത്ഥാടകർ കുറവാണ്. ഈ വർഷം ആകെ വരുമാനം 134.44 കോടിയാണെങ്കില്‍ 2022 ല്‍ ഇത് 154.77 കോടിയായിരുന്നു.