കേരളം
ജയമോഹന്‍ തമ്പിയുടെ മരണം: മകന്‍ അശ്വിന്‍ അറസ്റ്റില്‍; മദ്യപാനത്തിനിടെ പണത്തെ ചൊല്ലിയുള്ള വഴക്കിനിടെ മര്‍ദ്ദിച്ചു, അയല്‍വാസിയും കസ്റ്റഡിയില്‍
മുന്‍ രഞ്ജി താരം കെ.ജയമോഹന്‍ തമ്പിയുടെ മരണത്തില്‍ മകന്‍ അശ്വിന്‍ അറസ്റ്റില്‍. അയല്‍വാസിയെ പോലീസ് ചോദ്യം ചെയ്യുന്നു. മദ്യപാനത്തിനിടെ പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അശ്വിന്‍ മൊഴി നല്‍കി. മര്‍ദ്ദനത്തിനിടെ മറിഞ്ഞുവീണ ജയമോഹന്‍ തമ്പി തലയ്‌ക്കേറ്റ ആഘാതത്തില്‍ മരണമടയുകയായിരുന്നൂ.
സ്വഭാവിക മരണമെന്ന് കരുതി സംസ്‌കാരം നടത്തിയ മൃതദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് ദുരുഹം ഉയര്‍ന്നത്.
നെറ്റിയിലുണ്ടായ ആഴത്തിലുള്ള മുറിവും കൂര്‍ത്തഭാഗം തലയുടെ പിന്നിലിടിച്ചുണ്ടായ ആഘാതവുമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ബോധം പോയെങ്കിലൂം ടനെ മരിക്കാന്‍ സാധ്യതയില്ല. ചികിത്സ കിട്ടാതെ സാവകാശം മരണം സംഭവിച്ചുവെന്നാണ് സൂചന.
മകന്‍ അശ്വിന് ആറു മാസമായി ജോലിയില്ല. ആറുമാസമായി സാമ്പത്തിക ആവശ്യത്തിന് ജയമോഹന്‍ തമ്പിയെ ആശ്രയിച്ചിരുന്നു. തമ്പിയുടെ എ.ടി.എം കാര്‍ഡും ബാങ്ക് രേഖകളും മകന്റെ കൈവശമായിരുന്നു. ഇതേ ചൊല്ലി മദ്യപാനത്തിനിടെ വഴക്കുണ്ടാകുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് അശ്വിന്‍ മൊഴി നല്‍കി. ഇതിനിടെ മറിഞ്ഞുവീണ ജയമോഹനെ സിറ്റൗട്ടിന് സമീപമുള്ള തന്റെ മുറിയിലേക്ക് വലിച്ചുകൊണ്ടുപോയി.
സഹോദരനെ വിളിച്ച് അച്ഛനെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടു. അയല്‍വാസികളോടും ആംബുലന്‍സ് വേണമെന്ന് പറഞ്ഞു. ആരും സഹായത്തിന് എത്താതിരുന്നതോടെ ശ്രമം ഉപേക്ഷിച്ചുവെന്നാണ് അശ്വിന്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ പോലീസ് ഇത് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല.
ശനിയാഴ്ച രാവിലെ വീട്ടിലെത്തിയ കുടുംബശ്രീ പ്രവര്‍ത്തക ജയമോഹന്‍ തമ്പിയെ കണ്ടിരുന്നു. അതിനു ശേഷമാണ് കൊലപാതകം നടന്നതെന്ന് വ്യക്തമാണ്. ശനിയാഴ്ചയും ഞായറാഴ്ചയും മൃതദേഹത്തിനൊപ്പം അശ്വിന്‍ കഴിഞ്ഞു. തിങ്കളാഴ്ച മാലിന്യമെടുക്കാന്‍ വന്ന കുടുംബശ്രീ പ്രവര്‍ത്തക ജയമോഹന്‍ തമ്പിയെ പുറത്തുകാണാതെ വന്നതോടെ മുകള്‍ നിലയില്‍ വാടകയ്ക്ക് താമസിച്ചിരുന്നവരെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ജനാല തുറന്നുനോക്കിയപ്പോഴാണ് ജയമോഹന്‍ മരിച്ചുകിടക്കുന്നത് കണ്ടത്. മൃതദേഹത്തില്‍ നിന്ന് ചെറിയ തോതില്‍ ദുര്‍ഗന്ധവും വന്നിരുന്നു. അശ്വിന്‍ ഈ സമയം വീട്ടിലുണ്ടായിരുന്നു. നാട്ടുകാര്‍ വന്നിട്ടും വീടിനു പുറത്തിറങ്ങാന്‍ കൂട്ടാക്കാതിരുന്ന അശ്വിന്‍ പോലീസ് വന്ന് വിളിച്ചപ്പോഴാണ് ഇറങ്ങിവന്നത്.
തിങ്കളാഴ്ച ജയമോഹന്റെ സംസ്‌കാര ചടങ്ങിലും അശ്വിന്‍ സജീവമായി പങ്കെടുത്തിരുന്നു. മദ്യത്തിന് അടിമയായ അശ്വിന്‍ ഇന്നലെ പോലീസ് കസ്റ്റഡിയില്‍ എടുക്കുമ്പോഴും മദ്യലഹരിയിലായിരുന്നു. രണ്ടു വര്‍ഷം മുന്‍പ് ഭാര്യ മരിച്ചതോടെ അശ്വിന്‍ മാത്രമാണ് മണക്കാട്ടെ മുക്കോലയ്ക്കലുള്ള വസതിയില്‍ ജയമോഹനൊപ്പം താമസിച്ചിരുന്നത്.
അശ്വിനും ജയമോഹനുമൊപ്പം മദ്യപിച്ച അയല്‍വാസിയേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പോലീസിന് പ്രാഥമിക ചോദ്യം ചെയ്യലില്‍ ബോധ്യപ്പെട്ടത്. അശ്വിനേയും അയല്‍വാസിയേയും അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. അശ്വിന്റെ മൊഴി പൂര്‍ണ്ണമായും വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് പോലീസ് നിലപാട്.