കേരളം
6 മാസത്തിനിടെ തട്ടിയത് 35 കോടി രൂപ; തലസ്ഥാനത്ത് സൈബർ തട്ടിപ്പുകൾ കുത്തനെ കൂടുന്നു
തലസ്ഥാന നഗരത്തിൽ സൈബർ തട്ടിപ്പുകളുടെ എണ്ണം കുത്തനെ കൂടുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ തട്ടിപ്പിനിരയായ ആളുകൾക്ക് നഷ്ടമായത് 35 കോടി രൂപയാണ്. സൈബർ തട്ടിപ്പുകൾക്കെതിരെ നടപടി ശക്തമാക്കുമെന്ന് ഡിസിപി പി നിഥിൻ രാജ് അറിയിച്ചു.
ഉന്നത വിദ്യാഭ്യാസമുള്ളവരും ഉയര്‍ന്ന ഉദ്യോഗസ്ഥരുമെല്ലാമുണ്ട് തട്ടിപ്പിനിരയായവരിൽ. ലക്ഷങ്ങളും കൊടികളുമാണ് പലർക്കും നഷ്ടമായത്. തട്ടിയെടുത്ത പണം വിദേശ അക്കൗണ്ടുകളിലേക്കാണ് പോകുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. വ്യാജ ഡിജിറ്റൽ ഷെയർ മാർക്കറ്റിലൂടെ തട്ടിയെടുത്തത് 27 കോടി രൂപയാണ്. കഴിഞ്ഞ മാസം വരെയുള്ള കണക്കിൽ 122 കേസുകളാണ് രജിസ്റ്റർ ചെയ്തു.
ജോലി വാഗ്ദാനം നൽകിയും തട്ടിപ്പ് നടക്കുന്നുണ്ട്. എൻഫോഴ്സ്മെൻ്റ് ഓഫീസർമ്മാരുടെ പേരിൽ വിശ്വസിപ്പിച്ച് ആറ് മാസത്തിനിടെ ഏഴ് കേസുകളിലൂടെ മൂന്ന് കോടിയാണ് നഷ്ടമായത്. ഓൺലൈൻ തട്ടിപ്പുകളിൽ 163 എഫ്ഐആർ രജിസ്റ്റർ ചെയ്തു. 33 ലക്ഷത്തിലധികം രൂപയാണ് നഷ്ടമായത്. ബാങ്ക് അക്കൗണ്ടുകളിൽ ഉയർന്ന തുക ബാലൻസ് ഉള്ളവരെ ലക്ഷ്യമിട്ടാണ് കൂടുതലും ഇത്തരത്തിലുള്ള തട്ടിപ്പ്. സൈബർ തട്ടിപ്പുകൾക്കെതിരെ നടപടി ശക്തമാക്കുമെന്ന് തിരുവനന്തപുരം ഡിസിപി നിഥിൻ രാജ് പറഞ്ഞു.
ഷെയർ മാർക്കെറ്റിൽ ഉയർന്ന ലാഭം വാഗ്‌ദാനം ചെയ്തുള്ള സന്ദേശങ്ങൾ, വ്യാജ കസ്റ്റമർ സർവിസുകൾ, ലോൺ ആപ്പുകൾ, വ്യാജ ലോട്ടറി, സമ്മാനം അടിച്ചുള്ള അറിയിപ്പുകൾ തുടങ്ങിയവ ലഭിച്ചാൽ ജാഗ്രത പാലിക്കണമെന്നാണ് പൊലീസ് നിർദേശം. മുന്നറിയിപ്പ് നൽകിയിട്ടും തട്ടിപ്പുകളുടെ എണ്ണം കൂടിയതോടെയാണ് പൊലീസ് ജാഗ്രതാ നിർദേശവുമായി നേരിട്ടെത്തിയത്. സിബിഐ, എന്‍സിബി, സംസ്ഥാന പൊലീസ് എന്നീ ഏജന്‍സികളിലെ ഉദ്യോഗസ്ഥരാണ് തങ്ങളെന്ന് പറഞ്ഞാണ് പലരും ആളുകളെ കെണിയില്‍ വീഴ്ത്തുന്നത്.