കേരളം
നിർണായകമായി ഷബ്നയുടെ മകളുടെ മൊഴി, ഭർത്താവിെൻറ മാതാപിതാക്കളെയും സഹോദരിയെയും പ്രതി ചേർത്തു, അറസ്റ്റ് ഉടൻ
കോഴിക്കോട്: കോഴിക്കോട് ഓർക്കാട്ടേരിയിലെ ഷബ്നയുടെ ആത്മഹത്യയിൽ ദിവസങ്ങൾക്കുശേഷം ഭർത്താവിെൻറ ബന്ധുക്കളെ പ്രതി ചേർത്ത് പൊലീസ്. ഷബ്നയുടെ ഭർത്താവിെൻറ മാതാപിതാക്കൾ, സഹോദരി എന്നിവരെയാണ് പ്രതി ചേർത്തത്. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് ഇവരെ പ്രതി ചേർത്തിരിക്കുന്നത്. ഇവർ നിലവിൽ ഒളിവിലാണെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. ഇവരെ പ്രതി ചേർക്കുന്നതിൽ ഷബ്നയുടെ മകളുടെ മൊഴിയാണ് നിർണായകമായത്. ഡിവൈഎസ്പി ഷബ്നയുടെ ബന്ധുക്കളുടെ മൊഴി എടുത്തു. തുടർന്ന് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ബന്ധുക്കൾക്ക് പൊലീസ് ഉറപ്പു നൽകി.
കേസ് ഇഴഞ്ഞുനീങ്ങുകയാണെന്നും പ്രതികളെ സംരക്ഷിക്കുകയാണെന്നും നേരത്തെ ബന്ധുക്കൾ ആരോപിച്ചിരുന്നു. കേസിെൻറ പുരോഗതിയുമായി ബന്ധപ്പെട്ട് സർവകക്ഷി സംഘം എസ്പിയെ കണ്ടു. നിലവിൽ കേസിൽ ഷബ്നയുടെ ഭർത്താവിെൻറ അമ്മാവൻ ഹനീഫ നിലവിൽ റിമാൻഡിലാണ്. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ബന്ധുക്കൾ വിമർശിച്ചതിന് പിന്നാലെയാണ് ഡിവൈഎസ്പി ഷബ്നയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തത്.
ഇതിനിടെ, കോഴിക്കോട് ഓർക്കാട്ടേരിയിലെ ഷബ്നയുടെ ആത്മഹത്യയിൽ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി നിര്‍ദേശിച്ചു.വിഷയത്തിൽ പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെടും.ഷബ്‌നയുടെ ഭർത്താവിനെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തണമെന്നും ഷബ്‌നയെ ആത്മഹത്യയിലേക്ക് തള്ളി വിട്ട ബന്ധുക്കൾക്കെതിരെ സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തണമെന്നും സതീദേവി നിര്‍ദേശിച്ചു.
കേസില്‍ ഷബ്നയെ മർദിച്ച ഭർത്താവിൻെറ അമ്മാവൻ ഹനീഫയെ മാത്രമാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഭർത്താവിന്‍റെ മറ്റ് ബന്ധുക്കളെ ചോദ്യം ചെയ്യാൻ പോലെ പൊലീസ് തയ്യാറാകുന്നില്ലെന്നായിരുന്നു കുടുംബത്തിന്റെ വിമര്‍ശനം, ദൃക്സാക്ഷിയായ മകൾ മൊഴി നൽകിയിട്ടും ബന്ധുക്കളെ ചോദ്യം ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തുന്ന കുടുംബം, ഇനിയൊരു ഷബ്‌ന ആവർത്തിക്കരുതെന്നും പറയുന്നു. ഷബ്നയെ മർദിക്കുന്ന സിസിടിവി ദൃശ്യവും ഫോണിലെ ദൃശ്യങ്ങളും നൽകിയത് ഷബ്നയുടെ കുടുംബം തന്നെയാണ്. പൊലീസ് പുതിയ തെളിവ് ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോപിക്കുന്ന കുടുംബം, അന്വേഷണത്തിൽ പുരോഗതി ഇല്ലെങ്കിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും അറിയിച്ചിരുന്നു.