കേരളം
കൊവിഡ് വാക്‌സിനേഷൻ : നഗരപരിധിയിൽ കേന്ദ്രങ്ങളൊരുക്കി തിരുവനന്തപുരം ജില്ലാ ഭരണകൂടം
തിരുവനന്തപുരം നഗരപരിധിയിൽ താമസിക്കുന്ന 60 വയസിനു മുകളിലുള്ളവർക്കും ദീർഘകാല രോഗങ്ങളുള്ള 45നും 59നും ഇടയിൽ പ്രായമുള്ളവർക്കുമുള്ള സൗജന്യ കോവിഡ് വാക്‌സിനേഷനായുള്ള കേന്ദ്രങ്ങൾ ജില്ലാ ഭരണകൂടം ഒരുക്കി. ഈ കേന്ദ്രങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ സൗജന്യ വാക്‌സിനേഷന് സൗകര്യമുണ്ടാകുമെന്നു ജില്ലാ കലക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.
ജിമ്മി ജോർജ് സ്‌റ്റേഡിയത്തിൽ പ്രതിദിനം 2500 പേർക്കു വാക്‌സിൻ സ്വീകരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ വൈകിട്ടു മൂന്നു മണിവരെയാണ് വാക്‌സനേഷൻ ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് ആശങ്കകൂടാതെ വിവിധ കേന്ദ്രങ്ങളിൽനിന്നു വാക്‌സിനെടുക്കാം. റസിഡന്റ് അസോസിയേഷനുകളും പ്രാദേശിക സന്നദ്ധ സംഘടനകളും വാക്‌സിനേഷൻ വിജയിപ്പിക്കുന്നതിനു സഹകരിക്കണമെന്നും കലക്ടർ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വാക്‌സിൻ എടുക്കുകയെന്നത് അനിവാര്യമാണ്. മുൻഗണനാ വിഭാഗത്തിലുള്ളവർ അടിയന്തരമായി വാക്‌സിൻ സ്വീകരിക്കണം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുള്ളവരും നിയോഗിക്കപ്പെടാൻ സാധ്യതയുള്ളവരുമായ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സൗകര്യപ്രദമായ കേന്ദ്രങ്ങളിൽ വാക്‌സിൻ ലഭിക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിനു മുൻകാലങ്ങളിൽ നിയോഗിച്ചിട്ടുള്ള വിമുക്ത ഭടന്മാർ, സർവീസിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥർ എന്നിവർ നിർബന്ധമായും വാക്‌സിനെടുക്കണം. ജില്ലയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ഒരു ഡോസിന് 250 രൂപ എന്ന നിരക്കിലും കൊവിഡ് വാക്‌സിൻ സ്വീകരിക്കാവുന്നതാണ്.
കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടുള്ളവർ ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന നിശ്ചിത കാലയളവിനു ശേഷം കൃത്യമായി രണ്ടാമത്തെ ഡോസ് എടുത്താൽ മാത്രമേ കോവിഡിനെതിരേ പൂർണമായ പ്രതിരോധ ശേഷി കൈവരിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് ജില്ലയിലെ വാക്‌സനേഷൻ ഹെൽപ്പ് ഡെസ്‌കിന്റെ 1077, 9188610100 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. സർക്കാർ നിശ്ചയിച്ച വിഭാഗത്തിൽപ്പെട്ടവരും ഇതുവരെ രജിസ്റ്റർ ചെയ്യാത്തവരുമായവർക്ക് രജിസ്‌ട്രേഷനുള്ള ക്രമീകരണവും ഈ നമ്പറുകളിൽ ലഭിക്കും.