ദേശീയം
രാജ്യത്ത് 24 മണിക്കൂറിനിടെ 1.84 ലക്ഷം പേർക്ക് കൊവിഡ്; ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്
രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. 24 മണിക്കൂറിനിടെ 1027 മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 82,339 പേര്‍ രോഗമുക്തി നേടി.
രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,38,73,825 ആയി. മരണസംഖ്യ 1,72,085 ആയി ഉയര്‍ന്നു. 1,23,36,036 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 13,65,704 പേരാണ് ചികിത്സയിലുള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 11,11,79,578 പേര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തത്.
അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഇന്ന് ഗവർണ്ണർമാരുമായി ചർച്ച നടത്തും. കൊവിഡ് നിയന്ത്രണ പരിപാടികളിൽ മുഖ്യമന്ത്രിമാർക്കൊപ്പം ഗവർണ്ണർമാരെയും പങ്കാളികളാക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണിത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ചർച്ചയിൽ പങ്കെടുക്കും. രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിൽ ഇന്ന് രാത്രി മുതല്‍ നിരോധനാജ്ഞ നിലവില്‍ വരും.
മഹാരാഷ്ട്രയിൽ പൊതുപരിപാടികൾ വിലക്കി. ആരാധനാലയങ്ങിലും, സിനിമാഹാളിലും, പാർക്കുകളിലും പ്രവേശനമുണ്ടാകില്ല. അവശ്യസർവീസുകൾക്കും ബാങ്കിംഗ് മേഖലയ്ക്കും ഇളവുണ്ട്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം. രോഗവ്യാപനം പിടിച്ച് നിർത്താനായില്ലെങ്കിൽ ലോക്ഡൗണിലേക്ക് പോവേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നല്‍കി. ഇന്നലെ അറുപതിനായിരത്തിലേറെ പേർക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.