കേരളം
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ഇന്നു മുതല്‍ കർശനമാക്കുന്നു.
രോഗവ്യാപനം രൂക്ഷമാകുന്നത് പരിഗണിച്ച് കേരളത്തിലും കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ഇന്നു മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം. എല്ലാവരും മാസ്ക് ധരിക്കുന്നുണ്ടോ, സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കും. ഇതിനായി കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കും.
തുടര്‍ച്ചയായ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യവും, തെരെഞ്ഞെടുപ്പിന് പിന്നാലെ രോഗവ്യാപനം കുടുതല്‍ രൂക്ഷമാകാനുള്ള സാധ്യതയും കൂടി മുന്നില്‍കണ്ടാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്.
സംസ്ഥാനത്ത് രണ്ടാം തരംഗം തുടങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ചീഫ് സെക്രട്ടറി വിളിച്ച കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സാമൂഹിക അകലം, മാസ്ക് തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ പോലീസ് പരിശോധന ശക്തമാക്കും. രോഗികളുടെ എണ്ണം കൂടുതലുള്ള പ്രദേശങ്ങളില്‍ കണ്ടെയ്ന്റെന്റെ സോണ്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തും.
ആര്‍ടിപിസിആര്‍ ടെസ്റ്റ് വ്യാപകമാക്കാനും കൂടുതല്‍ പേര്‍ക്ക് വാക്സിനേഷന് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും വരുന്നവര്‍ക്ക് ഒരാഴ്ച ക്വാറന്റീന് തുടരും.
എല്ലാ പോളിങ് ഏജന്റുമാരും പരിശോധന നടത്തണം. തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിലും, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ആരംഭിക്കുന്ന സാഹചര്യത്തിലും ജാഗ്രത പാലിക്കണമെന്ന് യോഗം വിലയിരുത്തി.
ആയിരത്തോളം ആയി കുറഞ്ഞിരുന്ന പ്രതിദിന രോഗികളുടെ എണ്ണം ക്രമാനുഗതമായി ഉയര്‍ന്ന് കഴിഞ്ഞ ദിവസം 3500 കടന്നിരുന്നു.