ദേശീയം
കോവിഡ് ഡെൽറ്റ പ്ലസ് വൈറസ്; അഞ്ച് സംസ്ഥാനങ്ങളിൽ ജാഗ്രത ശക്തമാക്കാൻ നിർദേശം
കൊവിഡ് ഡെൽറ്റ പ്ലസ് വൈറസ് വകഭേദത്തിനെതിരെ ജാഗ്രത ശക്തമാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ. നിലവിൽ വൈറസ് കണ്ടെത്തിയ സ്ഥലങ്ങളിൽ കർശന നിയന്ത്രണം വേണമെന്നും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. പരിശോധന കൂട്ടി ക്വാറൻറൈൻ കർശനമാക്കി രോഗവ്യാപനം തടയാനാണ് കേന്ദ്രം ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുള്ളത്.
പ്രതിരോധ സംവിധാനത്തെ മറികടക്കാനും ആന്റിബോഡികളെ ചെറുക്കാനും ശേഷിയുള്ളതാണ് ഡെൽറ്റ് പ്ലസ് എന്നാണ് വിലയിരുത്തപ്പെടുന്നത്. അതിവേഗ വ്യാപനത്തിനും സാധ്യതയുണ്ട്. എന്നാൽ വാക്സിൻ പ്രതിരോധത്തെ മറികടക്കാനുള്ള ശേഷി മറ്റു വകഭേദങ്ങൾക്കു സമാനമാണ്. കേരളത്തിൽ പത്തനംതിട്ടയിലും പാലക്കാട്ടുമുൾപ്പെടെ രാജ്യത്ത് 40 ഇടങ്ങളിൽ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കേരളത്തിൽ ആദ്യമായി പത്തനംതിട്ടയിൽ ഒരു കേസും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പത്തനംതിട്ടയില്‍ കടപ്ര പഞ്ചായത്തിലെ നാലു വയസുള്ള ആണ്‍ കുട്ടിയിലാണ് പുതിയ വേരിയന്റായ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. രോഗവ്യാപന ശേഷി കൂടുതലുള്ള ഈ വകഭേദം നിയന്ത്രിക്കുന്നതിനായി പ്രദേശത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ജനങ്ങൾ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
നിലവില്‍ കോവിഡ് നെഗറ്റീവായ കുട്ടിയുടെ സ്രവത്തിന്റെ ജനിതക പഠനത്തിലാണ് പുതിയ വേരിയന്റായ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. ന്യൂഡല്‍ഹിയിലെ സിഎസ്‌ഐആര്‍ – ഐജിഐബി യില്‍ നടത്തിയ പരിശോധനയിലാണ് പുതിയ കോവിഡ് വകഭേദം കണ്ടെത്തിയത്.