ദേശീയം
വാക്സിന് ഗവേഷണത്തില്‍ നിര്‍ണായക ചുവടുവയ്പ്; മൂന്നാംഘട്ട മനുഷ്യ പരീക്ഷണത്തിന് കോവാക്സിന്
തദ്ദേശീയ കോവിഡ് വാക്സിന് ഗവേഷണത്തില്‍ നിര്‍ണായക ചുവടുവയ്പുമായി ഇന്ത്യ. ഭാരത് ബയോടെക്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി (ഐ.സി.എം.ആര്) സഹകരിച്ച് തയ്യാറാക്കുന്ന കോവിഡ് സാധ്യത വാക്സിനായ കോവാക്സിന് മൂന്നാംഘട്ട മനുഷ്യ പരീക്ഷണത്തിന് അനുമതി ലഭിച്ചു.
ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് ഈ മാസം രണ്ടിനാണ് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് (ഡി.സി.ജി.ഐ) ഇതിനായി അപേക്ഷ നല്‍കിയത്. 10 സംസ്ഥാനങ്ങളിലായി ഡല്‍ഹി, മുംബൈ, പട്ന, ലക്നൗ അടക്കം 19 ഇടങ്ങളില്‍ പരിശോധനകള്‍ നടത്തിയതിന്റെ പഠന റിപ്പോര്‍ട്ട് ഉള്‍പ്പെടെയാണ് ഭാരത് ബയോടെക് അപേക്ഷ നല്‍കിയത്.
കോവാക്സിന് കൂടാതെ സൈഡസ് കാഡിലയുടെ തദ്ദേശീയ വാക്സിനും രണ്ടാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിലാണ്. അസ്ട്രാസെനകയുമായി ചേര്‍ന്നു പുണെ ആസ്ഥാനമായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കുന്ന ഓക്സ്ഫഡ് സാധ്യതാ വാക്സിനും രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളിലാണ്.