ആരോഗ്യം
പ്രതീക്ഷയേകി കോവാക്സിൻ മൂന്നാംഘട്ടത്തിലേക്ക്
ലോകത്തിന് പ്രതീക്ഷയേകി, കൊവിഡിനെതിരെ ഫലപ്രദമായ വാക്സിൻ നിർമ്മിച്ചെന്ന് അവകാശപ്പെട്ട് ഒരു അമേരിക്കൻ കമ്പനികൂടി രംഗത്തെത്തി. മോഡേണ എന്ന മരുന്നുകമ്പനിയാണ് വാക്സിൻ വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്നാണ് കമ്പനിയുടെ അവകാശവാദം. കഴിഞ്ഞദിസവം ഫൈസർ എന്ന മരുന്നുകമ്പനിയും വാക്സിൻ നിർമ്മിച്ചുവെന്ന അവകാശവുമായി രംഗത്തെത്തിയിരുന്നു. തങ്ങളുടെ വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്നാണ് ഫൈസർ അവകാശപ്പെട്ടിരുന്നത്.
അമേരിക്കയിലെ 30000 പേരെ ഉൾപ്പെടുത്തിയായിരുന്നു മോഡേണയുടെ പരീക്ഷണം. ഇതിൽ പകുതിപ്പേർക്ക് രണ്ട്ഡോസ് വാക്സിൻ കുത്തിവച്ചു. ബാക്കിയുളളവരിൽ ഡമ്മി കുത്തിവയ്പ്പാണ് നടത്തിയത്. വാക്സിൻ നൽകിയതിൽ അഞ്ചുപേരിൽ മാത്രമാണ് കൊവിഡ് പോസിറ്റീവായതെന്നാണ് കമ്പനിയുടെ അവകാശവാദം. ഇതിലൂടെ വാക്സിൽ 94.5 ശതമാനം ഫലപ്രദമാണെന്ന് തെളിഞ്ഞുവെന്നാണ് കമ്പനി പറയുന്നത്.
അതേസമയം വാക്സിൻ പ്രായമായവരിൽ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ലെന്ന് റിപ്പോർട്ടുണ്ട്. ഒരിക്കലും പ്രായം മരുന്നിന്റെ പ്രവർത്തനത്തെയും ഫലപ്രാപ്തിയെയും ബാധിക്കില്ലെന്നുമാണ് കമ്പനി പറയുന്നത്.
അതിനിടെ ഐ സി എംആറുമായി ചേർന്ന് ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്സിൻ പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക് കടന്നു. ക്ലിനിക്കൽ ട്രയലിലേക്ക് പ്രവേശിച്ചതായി കമ്പനി അറിയിച്ചു. അടുത്തവർഷം നേസൽ വാക്സിൻ പുറത്തിറക്കാനുളള നീക്കം ആരംഭിച്ചതായും ഭാരത് ബയോടെക് അറിയിച്ചു. ലോകത്താകമാനം കൊവിഡിനെതിരായ 19 വാക്സിനുകൾ പരീക്ഷണ ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. റഷ്യമാത്രമാണ് ജനങ്ങൾക്ക് വിതരണം ചെയ്തുതുടങ്ങിയത്.