കേരളം
കായംകുളം പൊലീസ് ബലമായി കൂട്ടിക്കൊണ്ടുപോയ യുവതിയെ കോടതി വരനൊപ്പം വിട്ടു
മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതി അന്വേഷിച്ചെത്തിയ കായംകുളം പൊലീസ് വിവാഹ സമയത്ത് ക്ഷേത്ര പരിസരത്ത് നിന്ന് വധുവിനെ ബലമായി കൂട്ടിക്കൊണ്ടുപോയി. ഇന്നലെ വൈകിട്ട് നാലോടെ കോവളം കെ എസ് റോഡിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിൽ യുവാവിന്റെ പിതാവ് കോവളം പൊലീസിൽ പരാതി നൽകി. ഒടുവിൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ശേഷം യുവതിയെ യുവാവിനൊപ്പം വിട്ടു.
16ന് കോവളത്തുള്ള അഖിലിനൊപ്പം ഇറങ്ങിവന്ന കായംകുളം സ്വദേശിയായ ആൽഫിയയെ പിന്തുടർന്ന് ബന്ധുക്കൾ കോവളത്തെത്തിയിരുന്നു. അന്ന് പൊലീസ് സാന്നിധ്യത്തിൽ യുവതിയുടെ ഇഷ്ടാനുസരണം കഴിയാൻ തീരുമാനിക്കുകയും ബന്ധുക്കൾ പിന്തിരിയുകയും ചെയ്തുവെന്ന് യുവാവിന്റെ പിതാവ് നൽകിയ പരാതിയിലുണ്ട്. എന്നാൽ യുവതിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് കായംകുളം പൊലീസ് വീണ്ടും കോവളത്തെത്തിയത്.
വൈകിട്ട് 4ന് വിവാഹം നടക്കുന്ന ക്ഷേത്രവളപ്പിൽ കടന്നാണ് കായംകുളം പൊലീസ് യുവതിയെ കൂട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയെ കൊണ്ടുപോയതിന് പിന്നാലെ യുവാവും ബന്ധുക്കളും കായംകുളത്തെത്തി. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയെങ്കിലും യുവതിയുടെ ആവശ്യപ്രകാരം രാത്രി 11ഓടെ പൊലീസ് സംരക്ഷണത്തിൽ യുവാവിനൊപ്പം വിടുകയായിരുന്നു.
Also Read: ഒന്നിക്കാൻ കൂട്ടായി കോവളം പോലീസ്; തടസമായി കായംകുളം പോലീസ്
അതേ സമയം വിവാഹം നാളെ നടക്കുമെന്ന് അഖിലും ആൽഫിയയും. കായംകുളം പോലീസ് മോശമയാണ് പെരുമാറിയതെന്നു അഖിലും ആൽഫിയയും പ്രതികരിച്ചു. സ്വന്തം ഇഷ്ടപ്രകാരം ആണ് അഖിലിനോപ്പം വന്നതെന്ന് ആൽഫിയ വ്യക്തമാക്കി. വെള്ളിയാഴ്ച കോവളം പോലീസ് സ്റ്റേഷനിൽ വെച്ച് വീട്ടുകാർക്കൊപ്പം പോകാൻ തയ്യാറല്ലെന്ന് പെൺകുട്ടി പറഞ്ഞിരുന്നു. എന്നാൽ അതിന് ശേഷം ശനിയാഴ്ചയാണ് കായംകുളം പോലീസ് സ്റ്റേഷനിൽ കാണാനില്ലെന്ന പരാതി നൽകിയത്. തങ്ങളുടെ വിവാഹം നാളെ വൈകിട്ട് നടക്കുമെന്ന് അഖിലും ആൽഫിയയും വ്യക്തമാക്കി.