കേരളം
കൈക്കൂലി കേസില്‍ ഈ വർഷം പിടിയിലായത് 34 ഉദ്യോഗസ്ഥർ
സംസ്ഥാനത്ത് കൈക്കൂലി വാങ്ങുന്നതിനിടെ ഈ വർഷം വിജിലൻസിൻ്റെ കെണിയിൽ വീണത് 34 സർക്കാർ ഉദ്യോഗസ്ഥർ. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരെയാണ് കൂടുതലും കൈക്കൂലിയുമായി പിടിയിലായത്. ഉന്നത ഉദ്യോഗസ്ഥർ മുതൽ പ്യൂണ്‍ വരെയുണ്ട് പിടിയിലായവരിൽ. കൊവിഡ് കാലത്ത് നട്ടം തിരിഞ്ഞു നിന്ന ജനങ്ങളിൽ നിന്നും കരാറുകാരിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് കൈയോടെ പിടികൂടിയത് 34 ഉദ്യോഗസ്ഥരെയാണ്.
കഴിഞ്ഞ വർഷം വിജിലൻസ് കെണിയിൽ വീണത് 24 സർക്കാർ ഉദ്യോഗസ്ഥരായിരുന്നു. ഇക്കുറി അഴിമതിക്കാരുടെ എണ്ണം കൂടി. പിആർഡിയിലെ ഓഡിയോ വീഡിയോ ഓഫീസർ, പൊലീസ് ഇൻസ്പെക്ടർ, സർക്കാർ ഡോക്ടർമാർ, വെറ്റിനറി ഡോക്ടർ, വാട്ടർ അതോററ്റി എക്സ്യൂട്ടീവ് എഞ്ചിനിയർ, സ്പെഷ്യൽ തഹസിൽദാർ എന്നിങ്ങനെ വൻ തുക ശമ്പളം വാങ്ങുന്നവരാണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.
പട്ടയഭൂമിയിൽ നിന്നും മരമുറിക്കാൻ ഒരു ലക്ഷം രൂപ വാങ്ങുന്നതിനിടെയാണ് വട്ടവിട വില്ലേജ് ഓഫീസറായിരുന്ന സിയാദിനെ വിജിലൻസ് കൈയോടെ പിടിച്ചത്. ഈ വർഷം കെണിയിൽ വീണപ്പോള്‍ ഒരു ഉദ്യോഗസ്ഥന്റെ കൈയ്യിൽ നിന്നും കിട്ടിയ ഏറ്റവും വലിയ കൈക്കൂലി തുകയായിരുന്നു ഇത്. പക്ഷെ വിജിലൻസ് പോലും ഞെട്ടിയത് കോട്ടയത്തെ മലിനീകരണ നിയന്ത്രണ ബോർഡ് എഞ്ചിനിയർ ഹാരീസിൻെറ അഴിമതി കണ്ടാണ്.
25,000 കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഹാരീസിന്റെ ആലുവയിലെ അഡംബര ഫ്ലാറ്റ് പരിശോധിച്ചപ്പോള്‍ മാത്രം കണ്ടെത്തിയത് 17 ലക്ഷത്തിന്റെ നോട്ടു കെട്ടുകള്‍. റവന്യൂവകുപ്പിലെ 9 ഉദ്യോഗസ്ഥരും, തദ്ദേശസ്വയംഭരണ വകുപ്പിലെ 8 ഉദ്യോഗസ്ഥരും വനംവകുപ്പിലെ നാലു ഉദ്യോഗസ്ഥരും പൊലീസിലെ മൂന്ന് ഉദ്യോഗസ്ഥരും മറ്റ് വിവിധ വകുപ്പിലെ ഓരോ ഉദ്യോഗസ്ഥരുമാണ് പിടിയിലായത്. സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതിക്ക് ഇടനിലക്കാരായ രണ്ട് സ്വകാര്യ വ്യക്തകളെയും വിജിലൻസ് അറസ്റ്റ് ചെയ്തു.