ദേശീയം
ഇരുട്ടടിയായി പാചകവാതക വിലയും കൂട്ടി
കുതിച്ചുയരുന്ന ഇന്ധനവിലക്ക് പിന്നാലെ പാചക വാതക വിലയും ഉയർന്നു. ഇതോടെ രാജ്യത്ത് ജനജീവിതം കൂടുതൽ ദുസഹമായിക്കൊണ്ടിരിക്കുകയാണ്. കോവിഡ് മഹാമാരി സൃഷ്ടിച്ച ദുരന്തത്തിൽ നിന്ന് കരകയറാനാകാതെ നിൽക്കുന്ന സാധാരണക്കാർക്ക് താങ്ങാനാകാത്ത വിധമാണ് വിലവർധന.
ഇന്ധനവില ഇന്നും ഉയർന്നതോടെ വിലക്കയറ്റം അടക്കം വിപണിയിൽ വൻ മാറ്റങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. പാചക വാതക വിലയിലുണ്ടാകുന്ന വർധനവ് രാജ്യവ്യാപക പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
വീടുകളിലേക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിൻ മേൽ 26 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു സിലിണ്ടർ പാചകവാതകത്തിന്‍റെ വില 726 രൂപയായി. പുതുക്കിയ വില ഇന്നു മുതൽ നിലവിൽ വന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 126 രൂപയുടെ വർധനയാണ് പാചകവാതകത്തിനുണ്ടായത്. 2020 ഡിസംബർ 2-ന് 50 രൂപയും രണ്ടാഴ്ച കഴിഞ്ഞ് ഡിസംബർ 15-ന് വീണ്ടും അൻപത് രൂപയും വർധിപ്പിച്ചിരുന്നു.
Also read: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു
ഇതോടെ 600 രൂപയുണ്ടായിരുന്ന സിലിണ്ടറിന്‍റെ വില 726 ആയി ഉയർന്നു. രാജ്യത്ത് ഇന്ധനവില പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ വര്‍ധനവ് കൂടിയാണിത്. കഴിഞ്ഞ മാസം മാത്രം 10 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്.
വില വര്‍ധിപ്പിച്ചതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില 86 രൂപ 75 പൈസയാണ്. ഡീസല്‍ ഒരു ലിറ്ററിന് 80 രൂപ 97 പൈസയാണ്. അന്താരാഷ്ട്രവിപണയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലും രാജ്യത്ത് ഇന്ധന വില വര്‍ധിക്കുകയാണ്.