കേരളം
ഹെൽമറ്റ് ഇല്ലാത്തതിന് തെറി: കേസ് പുനരന്വേഷിക്കണം, നിർദ്ദേശം
ഹെൽമറ്റ് ധരിക്കാത്തതിന് യാത്രക്കാരനെ തടഞ്ഞു നിർത്തി തെറി വിളിക്കുകയും അനധികൃതമായി പണം ആവശ്യപ്പെടുകയും ചെയ്തുവെന്ന പരാതിയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരുദ്യോഗസ്ഥനെ നിയോഗിക്കണം. കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ കേസാണ് പുനരന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി കൊല്ലം ജില്ലാ (റൂറൽ) പൊലീസ് സൂപ്രണ്ടിന് നിർദ്ദേശം നൽകിയത്.
മനുഷ്യാവകാശ കമ്മിഷനിലെത്തിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് സൂപ്രണ്ടിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ഹെൽമറ്റ് ധരിക്കാത്തതിനാൽ പെറ്റി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ പരാതിക്കാരൻ പൊലീസുകാരെ കൈയ്യേറ്റം ചെയ്തെന്നാണ് റിപ്പോർട്ട്. എന്നാൽ റിപ്പോർട്ട് അവാസ്തവമാണെന്ന് പരാതിക്കാരൻ അറിയിച്ചു. തുടർന്ന് കമ്മീഷനിലെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിച്ചു. ആരോപണ വിധേയനായ എസ്. ഐ. (റിട്ട) ഷാജി, എ. എസ്. ഐ. ഷിബു എന്നിവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് അന്വേഷണ വിഭാഗം ശുപാർശ ചെയ്തിരിക്കുകയാണ്.