കേരളം
തലസ്ഥാനത്ത് വീണ്ടും സംഘർഷം ; ടിയര്‍ ഗ്യാസ്, ജലപീരങ്കി പ്രയോഗിച്ച് പോലീസ് ; ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സുധാകരന് ആശുപത്രിയില്‍
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഡിജിപി ഓഫീസ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പ്രതിഷേധ മാര്‍ച്ചിന്റെ ഉദ്ഘാടന ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശന് സംസാരിക്കുന്നതിനിടെ ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തകര്‍ അകത്തുകയറാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരികെ കല്ലെറിഞ്ഞു. ഇതോടെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു.
നിരവധി തവണ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. ഇതോടെ കെപിസിസി പ്രസിഡന്റെ കെ സുധാകരന് ഉള്‍പ്പെടെ നേതാക്കള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇതേതുടര്‍ന്ന് സുധാകരനെ ആശുപത്രിയിലേക്ക് മാറ്റി. സത്രീകള്‍ ഉള്‍പ്പടെ നൂറ് കണക്കിന് പ്രവര്‍ത്തകരാണ് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്. നേതാക്കളുള്ള ഭാഗത്തേക്ക് പൊലീസിന്റെ ഭാഗത്തുനിന്നാണ് ആദ്യം ആക്രമണമുണ്ടായതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
മുദ്രാവാക്യമുയര്‍ത്തിയ പ്രവര്‍ത്തകരെ പിരിച്ചുവിടാനായി പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പ്രകോപനമില്ലാതെയാണ് പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത കെപിസിസി പ്രസിഡന്റ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പ്രതികരണം നടത്തി.