കേരളം
കൊവിഡ് : കെഎസ്ഇബി മീറ്റര്‍ റീഡര്‍മാരുടെ അവസ്ഥ ദുരിതത്തിൽ
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും വീടുകള്‍ കയറി മീറ്റര്‍ റീഡിങ് എടുത്ത് ബില്‍ നല്‍കേണ്ടിവരുന്നതിന്റെ പ്രതിസന്ധിയിലാണ് മീറ്റര്‍ റീഡര്‍മാര്‍. താല്‍ക്കാലികക്കാര്‍ പണിയെടുക്കുന്ന ഈ മേഖലയില്‍ ഇവര്‍ക്ക് ഒരു സുരക്ഷാ സംവിധാനങ്ങളുമൊരുക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. ഗൃഹസന്ദര്ശനങ്ങള്ക്കിടെ നിരവധിപേര്‍ക്ക് കൊവിഡ് ബാധിച്ചതായി പറയപ്പെടുന്നു.
ജോലി ദിവസങ്ങളുടെ അടിസ്ഥാനത്തില്‍ വേതനം ലഭിക്കുന്ന ഇവര്‍ക്ക് ആരോഗ്യ സുരക്ഷാ പദ്ധതികളോ രോഗബാധിതരാകുന്ന ദിവസങ്ങളില്‍ വേതനമോ ലഭിക്കില്ല. ആദ്യ കാലങ്ങളില്‍ കൊവിഡ് ബാധിതരുടെ വീടുകള്‍ക്കു മുന്നില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ആരോഗ്യവകുപ്പ് സ്ഥാപിക്കുകമായിരുന്നു. എണ്ണം പെരുകിയതോടെ ഇത് അവതാളത്തിലായി.
രോഗമുള്ളവരുടെ വീടുകളില്‍ ചെന്നാല്‍ വീട്ടുകാര്‍ പോലും പോസിറ്റിവാണെന്ന വിവരം വെളിപ്പെടുത്താറില്ല.പ്രതികൂലമായ സാഹചര്യങ്ങളില്‍ തുച്ഛ വേതനത്തിന് ജോലി ചെയ്യേണ്ടിവരുന്നത് ഈ മേഖലയിലുള്ള നിരവധി പേരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.