Covid 19
ബോധവത്കരണ വീഡിയോകളിൽ മാറ്റം വരുത്തി വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത് ശിക്ഷാർഹമെന്ന് തിരുവനന്തപുരം കളക്ടർ
കോവിഡ് ബോധവത്കരണത്തിനു ജില്ലാ ഭരണകൂടം തയാറാക്കുന്ന വിഡിയോകളിൽ മാറ്റം വരുത്തി വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതു ശിക്ഷാർഹമാണെന്നു തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ജില്ലാ ഭരണകൂടത്തിന്റെ പേരിൽ പ്രചരിക്കുന്ന ഒരു വിഡിയോ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്.
ബോധവത്കരണ വിഡിയോകൾ പ്രത്യേക സാഹചര്യങ്ങളിൽ സഹായിക്കുന്ന ഒരു ശക്തമായ ഉപകരണമാണ്. അത് ദുരുപയോഗം ചെയ്യുന്നത് അപലപനീയമാണെന്നും ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും കളക്ടർ പറഞ്ഞു.
2020 മെയ് 14ന് ജില്ലാ ഭരണകൂടം ഇറക്കിയ ‘മാസ്‌ക്കാണ് വീരൻ’ എന്ന ബോധവത്കരണ വീഡിയോയിലെ ഭാഗങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള വീഡിയോയാണ് ഇപ്പോൾ മറ്റൊരു ആശയ രൂപത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇതിൽ രാഷ്ട്രീയ, സാമൂഹിക, മതപരമായ പരാമർശങ്ങളുണ്ട്. കുറ്റവാളികളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ജില്ലാ ഭരണകൂടം അത്തരമൊരു വീഡിയോ തയാറാക്കിയിട്ടില്ലെന്നും ഈ വീഡിയോ ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു. ഇതു പ്രചരിപ്പിക്കുന്നവർക്കും കൈമാറുന്നവർക്കുമെതിരെയും കർശന നടപടിയുണ്ടാകുമെന്നും കളക്ടർ പറഞ്ഞു.