Connect with us

കേരളം

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലെ വിദാംശങ്ങൾ നോക്കാം

Published

on

pinarayi vijayan

സംസ്ഥാനത്ത് കോവിഡ് വ്യാപനനിരക്ക് കുറഞ്ഞുവരുന്നുണ്ട്. ഇന്ന് 7719 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ നടന്ന പരിശോധന: 68573. ഇന്നത്തെ മരണ സംഖ്യ 161 ആണ്. ഇപ്പോള്‍ ആകെ 113817 പേര്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.7 ശതമാനമാണ്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലൊഴികെ ബാക്കിയെല്ലാ ജില്ലകളിലും ടി.പി.ആര്‍ 15ലും താഴെയെത്തി. ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ അത് 10 ശതമാനത്തിലും താഴെയായിരിക്കുന്നു. കഴിഞ്ഞ ഒരു ആഴ്ചയില്‍ പത്തു ശതമാനം കുറവ് ടി.പി.ആറില്‍ ഉണ്ടായതായി കാണാന്‍ സാധിച്ചു. കേസുകളുടെ എണ്ണത്തില്‍ 20 ശതമാനവും കുറവുണ്ടായിരിക്കുന്നു.

എന്നാല്‍ ജില്ലാതലത്തില്‍ ഈ കണക്കാക്കുകള്‍ക്കപ്പുറം തദ്ദേശ സ്വയഭരണ സ്ഥാപനങ്ങള്‍ തിരിച്ച് എടുത്താല്‍ മറ്റൊരു ചിത്രവും കാണാം. 14 തദ്ദേശ സ്ഥാപന പരിധിയില്‍ ടി പി ആര്‍ 35 ശതമാനത്തിലും കൂടുതലാണ്. മുപ്പത്തിഏഴെണ്ണത്തില്‍ 28 മുതല്‍ 35 വരെയാണ്. 127 ഇടത്ത് ഇരുപത്തിയൊന്നിനും ഇരുപത്തിയെട്ടിനും ഇടയിലാണ്.

ഉദ്ദേശിച്ച രീതിയില്‍ രോഗവ്യാപനത്തില്‍ കുറവ് വന്നിട്ടുണ്ട് എന്ന് തന്നെയാണ് കാണുന്നത്.
ഇപ്പോള്‍ പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ പതിനാറുവരെ തുടരുന്നുണ്ട്. തുടര്‍ന്നുള്ള നാളുകളില്‍ ലോക്ക് ഡൌണ്‍ സ്ട്രാറ്റജിയില്‍ മാറ്റം വരുത്തും.
സംസ്ഥാനത്താകെ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധനാ രീതിയും നടപ്പാക്കുന്നതിന് പകരം രോഗ വ്യാപനത്തിന്‍റെ തീവ്രതയ്ക്കനുസരിച്ച് വ്യത്യസ്ത തോതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്.

പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോതു കണക്കാക്കി തരം തിരിച്ചു പ്രതിരോധ പ്രവര്‍ത്തനം നടപ്പാക്കും. അതിന്‍റെ വിശദമായ കാര്യങ്ങള്‍ അടുത്ത ദിവസം തീരുമാനിച്ചറിയിക്കും.

പരിശോധനകള്‍ നല്ല തോതില്‍ വര്‍ധിപ്പിക്കണം എന്ന് തന്നെയാണ് കാണുന്നത്. അക്കാര്യത്തിലും നിരീക്ഷണത്തില്‍ കഴിയേണ്ടതിന്‍റെ പ്രാധാന്യം വിശദീകരിച്ചും പുതിയ ക്യാംപയിന്‍ തന്നെ ആലോചിക്കും.

വീടുകളില്‍ നിന്നാണ് ഇപ്പോള്‍ കൂടുതലായി രോഗം പകരുന്നത്. അത് തടയാനുള്ള മാർഗങ്ങളും നടപ്പാക്കും.

ആദിവാസി കോളനികളില്‍ 119 എണ്ണത്തില്‍ 10 കി.മീ ചുറ്റളവില്‍ വാക്സിനേഷന്‍ സെന്‍റര്‍ ഇല്ല എന്നാണ് മനസ്സിലാക്കുന്നത്. അവിടങ്ങളില്‍ ക്യാമ്പുകളും സംഘടി പിക്കാനായിട്ടില്ല. 362 കോളനികളില്‍ സ്പെഷ്യല്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ബാക്കി ഉള്ള കോളനികളിലും ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദശം നല്‍കിയിട്ടുണ്ട്.

ഈയടുത്തായി മരണസംഖ്യ കൂടി വന്നത് രോഗികളൂടെ എണ്ണത്തിലുണ്ടായ വര്‍ധനക്കനുപാതമായാണ്. ഗുരുതരമായ അനുബന്ധരോഗങ്ങള്‍ ഉള്ളവരാണ് മരണമടഞ്ഞവരില്‍ ഭൂരിഭാഗവും. അതുകൊണ്ടു തന്നെ പ്രമേഹം തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവര്‍ രോഗം നിയന്ത്രിച്ച് നിര്‍ത്തുന്നതില്‍ വിട്ടുവീഴ്ച ചെയ്യാതെ നോക്കേണ്ടതുണ്ട്. കേരളത്തിലെ മരണനിരക്കില്‍ കാര്യമായ വര്‍ദ്ധനവൊന്നും ഉണ്ടാകാതെ ഇരുന്നത് നമ്മുടെ ആരോഗ്യസംവിധാനങ്ങള്‍ പുലര്‍ത്തിയ മികവിന്‍റെ ഫലമായാണ്.

അതിവ്യാപന ശേഷിയുള്ള വൈറസിനെ ചെറുത്ത് മൂന്നാം തരംഗത്തെ തടയാന്‍ വലിയ ബഹുജന കൂട്ടായ്മ തന്നെ ഉണ്ടാകേണ്ടതുണ്ട്. ലോക്ക് ഡൌണ്‍ കൊണ്ട് മാത്രം നമുക്ക് ഇതാകെ നേടാൻ കഴിയുന്നതല്ല.

ലോക് ഡൗണ്‍ സംസ്ഥാനത്ത് പൊതുവേ പൂര്‍ണ്ണമാണ്. കഴിഞ്ഞ രണ്ടുദിവസം സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആയിരുന്നു. പൊതുജനം പൂര്‍ണ്ണമനസ്സാടേെ തന്നെ ലോക്ക് ഡൗണുമായി സഹകരിക്കുന്നുണ്ട്. കാര്യത്തിന്‍റെ ഗൗരവം മനസ്സിലാക്കി സ്വന്തം അസൗകര്യങ്ങള്‍ പരിഗണിക്കാതെ ലോക്ക് ഡൗണില്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു.

വ്യാപനനിരക്ക് വളരെ കൂടുതലുള്ള ഡെല്‍റ്റാ വൈറസിന്‍റെ സാന്നിദ്ധ്യം കൂടുതല്‍ നാളുകള്‍ തുടര്‍ന്നേക്കാമെന്നതു കൊണ്ട് ലോക്ക്ഡൌണ്‍ പിന്‍വലിച്ചു കഴിഞ്ഞാലും കോവിഡ് പെരുമാറ്റചട്ടങ്ങള്‍ പാലിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത കാട്ടേണ്ടതാണ്. ഡെല്‍റ്റാ വൈറസ് കാരണം രോഗം ഭേദമാകുന്നവരിലും വാക്സിന്‍ എടുത്തവരിലും വീണ്ടും രോഗബാധ ഉണ്ടായേക്കാം. എന്നാല്‍ ഇങ്ങനെ രോഗമുണ്ടാകുന്നവരില്‍ കഠിനമായ രോഗലക്ഷണങ്ങളും മരണ സാധ്യതയും വളരെ കുറവാണെന്നത് ആശ്വാസകരമാണ്. എങ്കിലും ക്വാറന്‍റൈനും ചികിത്സയും വേണ്ടിവരുന്നതിനാല്‍ വാക്സിനെടുത്തവരും രോഗം ഭേദമായവരും തുടര്‍ന്നും കോവിഡ് പെരുമാറ്റ ചട്ടങ്ങള്‍ പാലിക്കാന്‍ ശ്രമിക്കേണ്ടതാണ്.

കോവിഡ് വാക്സിന്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന മുറക്ക് വാക്സിനേഷന്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ച് വരികയാണ്. എന്നാല്‍ എത്ര ശ്രമിച്ചാലും സാമൂഹ്യ പ്രതിരോധം കൈവരിച്ച് രോഗനിയന്ത്രണം കൈവരിക്കാന്‍ മാസങ്ങളും വർഷങ്ങളും എടുത്തേക്കാമെന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ധർ പറയുന്നത്. അതിവ്യാപനമുള്ള ഡെല്‍റ്റാ വൈറസിന്‍റെ സാന്നിധ്യവുമുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് മറ്റൊരു ലോക്ഡൗണിലേയ്ക്ക് സംസ്ഥാനത്തെ തള്ളിവിടാതിരിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് ശ്രമിക്കേണ്ടതുണ്ട്.

കോവിഡ് ചികിത്സക്കയ്ക്കൊപ്പം കോവിഡേതര രോഗങ്ങള്‍ ചികിത്സിക്കാനും ശ്രദ്ധിക്കുന്നുണ്ട്. കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതനുസരിച്ച് വിവിധ തലങ്ങളിലുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ കോവിഡിതര രോഗികളെ പരിചരിച്ച് തുടങ്ങുന്നതാണ്. ഇക്കാര്യത്തില്‍ ആരും ആശങ്കപെടേണ്ടതില്ല. ഇതിനകം മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന ടെലിമെഡിസിന്‍ സംവിധാനം കൂടുതല്‍ വിപുലീകരിക്കാനും പദ്ധതിയുണ്ട്.

മൂന്നാം തരംഗത്തെ പറ്റി അതിശയോക്തി കലര്‍ന്ന റിപ്പോര്‍ട്ടുകളോര്‍ത്ത് ഭയക്കേണ്ടതില്ല. മൂന്നാം തരംഗമുണ്ടായാല്‍ തന്നെ അതിനെ നേരിടാന്‍ സർക്കാർ ഉചിതമായ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്. എന്നാല്‍ പുതിയൊരു തരംഗം താനെയുണ്ടാവില്ലെന്നും കോവിഡ് നിയന്ത്രണത്തിലുണ്ടാവുന്ന വീഴ്ചയുടെ ഫലമായുണ്ടാവുന്നതാണെണെന്നും അറിഞ്ഞിരിക്കേണ്ടതാണ്. അത് ഒഴിവാക്കാന്‍ എല്ലാവരും ഒത്തു ചേർന്ന് കൈകോർത്ത് ശ്രമിക്കേണ്ടതാണ്.

ഇതുവരെ 1,12,12,353 ഡോസ് വാക്സിനാണ് ജൂണ്‍ 13 വരെ സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ 5,24,128 പേര്‍ക്ക് ആദ്യ ഡോസും 4,06,035 പേര്‍ക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു. മറ്റു മുന്‍നിര പ്രവര്‍ത്തകരില്‍ 5,39,624 പേര്‍ക്ക് ആദ്യ ഡോസും 4,03,454 പേര്‍ക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു. 45 വയസ്സിനു മുകളിലുള്ള 68,14,751 പേര്‍ക്ക് ആദ്യ ഡോസും 14,27,998 പേര്‍ക്ക് രണ്ടു ഡോസുകളും നല്‍കി. 18 മുതല്‍ 44 വയസ്സു വരെയുള്ള 10,95,405 പേര്‍ക്ക് ആദ്യ ഡോസും 958 പേര്‍ക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു.

സംസ്ഥാനത്തെ വൃദ്ധ സദനങ്ങളിലെ അന്തേവാസികളില്‍ 91 ശതമാനം പേര്‍ക്കും ആദ്യ ഡോസ് നല്‍കി. 14 ശതമാനം പേര്‍ക്ക് രണ്ടു ഡോസും ലഭിച്ചു. ആദിവാസി ജനവിഭാഗങ്ങള്‍ക്കിടയില്‍ 45 വയസ്സിനു മുകളിലുള്ളവരില്‍ 75 ശതമാനം പേര്‍ക്ക് വാക്സിനേഷന്‍ നല്‍കി. അവര്‍ക്കിടയില്‍ 18 മുതല്‍ 44 വയസ്സ് വരെയുള്ളവരില്‍ 12 ശതമാനം പേര്‍ക്കാണ് ഇതുവരെ വാക്സിന്‍ ലഭിച്ചത്.

കഴിഞ്ഞ 7 ദിവസങ്ങളില്‍ 9,46,488 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. അതില്‍ 77622 പേര്‍ക്കാണ് രണ്ടാമത്തെ ഡോസ് നല്‍കിയത്. 8,68,866 പേര്‍ക്ക് ആദ്യത്തെ ഡോസ് ലഭിച്ചു.

കേന്ദ്ര ഗവണ്മെന്‍റില്‍ നിന്നും കേരളത്തിനിതു വരെ ലഭിച്ചത് 98,83,830 ഡോസ് വാക്സിനാണ്. അതില്‍ നിന്നും 1,00,69,172 ഡോസ് നല്‍കാന്‍ നമുക്ക് സാധിച്ചു. സംസ്ഥാന ഗവണ്മെന്‍റ് നേരിട്ട് ശേഖരിച്ചത് 10,73,110 ഡോസ് വാക്സിനാണ്. അതില്‍ നിന്നും ഇതുവരെ 8,92,346 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്.

കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ചതില്‍ 4.32 ലക്ഷം ഡോസ് വാക്സിനും, സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ശേഖരിച്ചതില്‍ 2.08 ലക്ഷം ഡോസ് വാക്സിനുമാണ് ഇപ്പോള്‍ സ്റ്റോക്കിലുള്ളത്.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേരള പകര്‍ച്ചവ്യാധി നിയമം ഉള്‍പ്പെടെയുള്ളവയിലെ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പോലീസ് നടപടി സ്വീകരിക്കുന്നത്. ഇത്തരത്തില്‍ ഈടാക്കുന്ന പിഴത്തുക സര്‍ക്കാര്‍ ട്രഷറിയില്‍ അടയ്ക്കുകയാണ് ചെയ്യുന്നത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് ഈടാക്കുന്ന പിഴ പോലീസിനാണ് ലഭിക്കുന്നതെന്ന രീതിയില്‍ ഒരു പ്രചാരണം വന്നതുകൊണ്ടാണ് ഇത് പറയുന്നത്. പോലീസ് പിഴ ഈടാക്കുന്നത് നിലവിലുള്ള നിയമപ്രകാരം മാത്രമാണ്. സ്വന്തം ജീവന്‍ പണയം വച്ചുതന്നെയാണ് പോലീസ് നമ്മുടെ നിരത്തുകളില്‍ നിയന്ത്രണം നടപ്പിലാക്കുന്നത്. അതിനവരെ അഭിനന്ദിക്കുകയാണ് വേണ്ടത്. ഈ ജോലിത്തിരക്കിനിടയില്‍ ധാരാളം പോലീസുകാര്‍ രോഗബാധിതരാകുന്നുണ്ട്. നിലവില്‍ 375 പോലീസുകാരാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 6,987 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 4,199 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. പിഴയായി 32,17,400 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.

മൂന്നാമത്തെ തരംഗത്തിനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടുകൊണ്ട് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തി വരികയാണ്. മുതിര്‍ന്നവരില്‍ വലിയ ശതമാനം ആളുകള്‍ക്ക് വാക്സിനേഷന്‍ വഴിയും രോഗബാധയാലും രോഗപ്രതിരോധ ശക്തി ആര്‍ജ്ജിക്കാന്‍ സാധ്യതയുള്ളതിനാല്‍, മൂന്നാമത്തെ തരംഗത്തില്‍ അതുവരെ കാര്യമായി രോഗബാധയുണ്ടാവാത്ത കുട്ടികള്‍ക്കിടയില്‍ കേസുകള്‍ ചിലപ്പോള്‍ കൂടിയേക്കാം. അതുകണക്കിലെടുത്ത് അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയോടു കൂടിയാണ് സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നത്.

ജൂണ്‍ 2നു തന്നെ അതുമായി ബന്ധപ്പെട്ടെ സര്‍ക്കാര്‍ ഉത്തരവു പുറത്തിറങ്ങിയിരുന്നു. കുട്ടികളെ വിവിധ വിഭാഗങ്ങളായി തിരിച്ചുള്ള ട്രയാജ് പ്രോട്ടോക്കോള്‍, അവരെ ചികിത്സിക്കാന്‍ ആവശ്യമായ മാര്‍ഗരേഖ, ഡിസ്ചാര്‍ജ് നയം എന്നിവ തയ്യാറാക്കിക്കഴിഞ്ഞു. കോവിഡ് വന്ന കുട്ടികളില്‍ അപൂര്‍വമായി കാണുന്ന മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം എന്ന രോഗത്തെ കണ്ടെത്താനും ചികിത്സിക്കാനുമുള്ള മാര്‍ഗരേഖയും തയ്യാറാക്കി. ഇക്കാര്യങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാവശ്യമായ ട്രെയിനിങ്ങ് നല്‍കി വരികയാണ്.
അതോടൊപ്പം ആശുപത്രികളില്‍ കുട്ടികളുടെ ചികിത്സയ്ക്കാവശ്യമായ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള പരിശ്രമങ്ങളും നടന്നു വരുന്നു.

രക്തദാന ദിനം

ഇന്ന് ലോക രക്തദാന ദിനമാണ്. രക്തദാനത്തിന്‍റെ അനിവാര്യതയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനാണ് ഈ ദിവസം രക്തദാന ദിനമായി ആചരിക്കുന്നത്. രക്തദാനത്തിനായി നമ്മുടെ സമൂഹം കൂടുതല്‍ സന്നദ്ധതയോടെ മുന്നോട്ട് വരേണ്ടതുണ്ട്. നിലവില്‍ പ്രതിവര്‍ഷം 4 ലക്ഷം യൂണിറ്റ് രക്തമാണ് സംസ്ഥാനത്ത് ആവശ്യമായി വരുന്നത്. ഇതില്‍ 70 ശതമാനം മാത്രമാണ് സന്നദ്ധ രക്തദാതാക്കളില്‍ നിന്നു ലഭ്യമാകുന്നത്. ഈ അവസ്ഥയില്‍ മാറ്റം വരേണ്ടതുണ്ട്.

നിലവില്‍ നിരവധി യുവജനസംഘടനകളും സന്നദ്ധ സംഘങ്ങളും പല വ്യക്തികളും ഇക്കാര്യത്തില്‍ സജീവമായി ഇടപെടുന്നുണ്ടെങ്കിലും നമ്മുടെ സംസ്ഥാനത്ത് അവശ്യമായ അളവില്‍ ലഭ്യമാകുന്നില്ല എന്ന പ്രശ്നം നിലനില്‍ക്കുന്നുണ്ട്. കോവിഡ് വ്യാപനം കുറയുന്നതോടെ നിലവില്‍ മാറ്റി വച്ചിരിക്കുന്ന ശസ്ത്രക്രിയകളെല്ലാം നടത്തേണ്ടി വരുന്ന ഘട്ടത്തില്‍ രക്തത്തിന്‍റെ ക്ഷാമം പ്രതിസന്ധി സൃഷ്ടിച്ചേക്കാം.

കോവിഡ് വാക്സിനേഷന്‍ എടുത്തവര്‍ക്ക് 14 ദിവസത്തിനു ശേഷവും രോഗബാധിതരായവര്‍ക്ക് നെഗറ്റീവ് ആയി 28 ദിവസത്തിനു ശേഷവും രക്തം ദാനം ചെയ്യാകുന്നതാണ്. അതുകൊണ്ട് പരമാവധി ആളുകള്‍ രക്തദാനത്തിനായി മുന്നോട്ടു വരണം. യുവജന സംഘടനകള്‍ അതിനു നേതൃത്വം നല്‍കണം. രക്തദാതാക്കളില്‍ നിലവില്‍ സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. അതിനാല്‍ ആരോഗ്യവതികളായ സ്ത്രീകളും രക്തദാനത്തില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പങ്കാളികള്‍ ആകണം. ലോക രക്തദാന ദിനത്തിന്‍റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് നാടിനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് നമുക്ക് ദൃഢനിശ്ചയം ചെയ്യാം.

കാലാവസ്ഥ

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളത്തില്‍ കാലവര്‍ഷം സജീവമായിരിക്കുകയാണ്. കേരളത്തില്‍ അടുത്ത 3 ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ ജൂണ്‍ 16 വരെ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അതിശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്നത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകളും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും കാരണമാവുകയും ചെയ്തേക്കാം. അപകട സാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്ന പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. അധികൃതരുടെ നിര്‍ദേശം ലഭിച്ചാല്‍ വീട്ടില്‍ നിന്ന് സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറാന്‍ ജനങ്ങള്‍ തയ്യാറാകണം.

ജൂണ്‍ 17 വരെയുള്ള ദിവസങ്ങളില്‍ അറബിക്കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല. ഈ ദിവസങ്ങളില്‍ ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശമുള്ളതിനാല്‍ തീരദേശവാസികളും ജാഗ്രത പാലിക്കണം.

സഹായം

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകി വിദേശ രാജ്യങ്ങളിലുള്ള നമ്മുടെ സഹോദരങ്ങളുടെ സഹായങ്ങള്‍ തുടരുകയാണ്.
അതിന്‍റെ ഭാഗമായി യു.എസ്.എ, യു.എ.ഇ, ഹോങ്ങ് കോങ്ങ്, തായ് വാന്‍, കുവൈറ്റ്, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിന്നും കോവിഡ് രോഗികള്‍ക്കും,ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സഹായകരമാകുന്ന ഓക്സിജന്‍ സിലിണ്ടറുകള്‍, ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍, ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ നേസല്‍ ട്യൂബ്, പള്‍സ് ഓക്സിമീറ്റര്‍, വെന്‍റിലേറ്ററുകള്‍, മാസ്കുകള്‍ തുടങ്ങിയ നിരവധി മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭിച്ചിട്ടുണ്ട്. ധാരാളം അന്വേഷണങ്ങളും വാഗ്ദാനങ്ങളും അനുദിനം വരികയാണ്. ഇവിടെ എത്തിച്ചേര്‍ന്നത് മാത്രം സൂചിപ്പിച്ചു പോവുകയാണ്.

ആദിത്യ ബിര്‍ള ഗ്രൂപ്പിന്‍റെ മെറ്റല്‍ ഫ്ളാഗ്ഷിപ് കമ്പനിയായ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍റെ കളമശ്ശേരി, ആലുപുരം യൂണിറ്റ് എറണാകുളം ഗവ: മെഡിക്കല്‍ കോളേജിന് 25 ലക്ഷം രൂപ വിലമതിക്കുന്ന 50 ജംബോ ഓക്സിജന്‍ സിലിണ്ടറുകള്‍ കൈമാറി.

ദുരിതാശ്വാസനിധി

കേരള സംസ്ഥാന സഹകരണ കര്‍ഷിക ഗ്രാമവികസന ബാങ്ക് 2 കോടി

ഭീമ ജ്വല്ലറി തിരുവനന്തപുരം ഗ്രൂപ്പ് ഒന്നരക്കോടി
രൂപ

കേരള മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ്
വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് 1,02,47,260 രൂപ

കേരള മാരിടൈം ബോര്‍ഡ് 1 കോടി രൂപ

കണ്ണൂര്‍ ജില്ലാ ഭരണസംവിധാനവും കുടുംബശ്രീയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്ന്, കണ്ണൂരിന്‍റെ ഹൃദയസ്പര്‍ശം എന്ന ക്യാമ്പയിന്‍ വഴി സംഘടിപ്പിച്ച 70 ലക്ഷം രൂപ

കേരള യൂണിവേഴ്സിറ്റി ജീവനക്കാര്‍ ആദ്യ ഗഡുവായി 51,83,859 രൂപ

പ്രോക്ടര്‍ ആന്‍റ് ഗ്യാമ്പിള്‍ ( പി അന്‍റ് ജി ) 50 ലക്ഷം രൂപ

കേരള പ്രൈവറ്റ് സ്കൂള്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി 30 ലക്ഷംരൂപ

നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് 20 ലക്ഷം രൂപ

കേരളത്തിലെ സിനിമാ തിയേറ്റര്‍ ഉടമസ്ഥരുടെ സംഘടനയായ എഫ് ഇ യു ഒ കെ 16 ലക്ഷം രൂപ

കേരള കോഓപറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ്ങ് ഫെഡറേഷന്‍ 15 ലക്ഷം രൂപ

എറണാകുളം റീജിയണല്‍ കോഓപറേറ്റീവ് മില്‍ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ 15 ലക്ഷം രൂപ

മലബാര്‍ മേഖല സഹകരണ ക്ഷീരോല്പാദക യൂണിയന്‍ 15 ലക്ഷം രൂപ

ഇരിട്ടി നഗരസഭ 15 ലക്ഷം രൂപ

വിരമിച്ച എയ്ഡഡ് കോളേജ് അദ്ധ്യാപകരുടെ കൂട്ടായ്മയായ ‘സാന്ത്വം’ ആദ്യ ഗഡു 12,59,500 രൂപ

പൊന്‍കുന്നം സര്‍വ്വീസ് സഹകരണ ബാങ്ക്, ജീവനക്കാരുടേയും ഭരണ സമിതിയുടെയും വിഹിതം ഉള്‍പ്പടെ 12,24,000 രൂപ

കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡും ചീഫ് ഓഫീസിലെ ജീവനക്കാരും ചേര്‍ന്ന് 11,78,511 ലക്ഷം രൂപ

പോസ്റ്റല്‍, ടെലികോം, ബി എസ് എന്‍ എല്‍ എംപ്ലോയീസ് കോ ഓപറേറ്റീവ് സൊസൈറ്റി ജീവനക്കാരുടെ വിഹിതം ഉള്‍പ്പടെ 10,52,979 രൂപ

കേരള എഫ് സി ഐ വര്‍ക്കേഴ്സ് ട്രേഡ് യൂണിയന്‍ കോര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റി 10,05,000 രൂപ

പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ

ആത്മ ബോധോദയ സംഘം ശ്രീ ശുഭാനന്ദ ട്രസ്റ്റ് മാവേലിക്കര 10 ലക്ഷം രൂപ

മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് 10 ലക്ഷം രൂപ

ഈറ്റകാട്ടുവള്ളിതഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 10 ലക്ഷം രൂപ

മലപ്പുറത്തെ താനാളൂര്‍ ഗ്രാമ പഞ്ചായത്ത് 10 ലക്ഷം രൂപ

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ

കണ്ണൂര്‍ ജില്ലാ ചെങ്കല്‍ വ്യവസായ
അസോസിയേഷന്‍ 10 ലക്ഷം രൂപ

അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ

ദുരിതാശ്വാസ നിധിയിലേക്കുള്ള എല്ലാ സഹായങ്ങളും ഇവിടെ വായിക്കുന്നത് പ്രായോഗികമല്ലാതെ വന്നിരിക്കുന്നു. അതുകൊണ്ട് ഇവിടെ വായിക്കാത്തവ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കാന്‍ ശ്രമിക്കുകയാണ്.
വാക്സിന്‍ കാര്യത്തില്‍ സ്വകാര്യ ആശുപത്രികളും സഹായവുമായി മുന്നോട്ടു വരുന്നുണ്ട്. ഒരുദാഹരണം തിരുവനന്തപുരത്തെ എസ് പി ഫോര്‍ട്ട് ആശുപത്രി തങ്ങള്‍ വാങ്ങിയ വിലയ്ക്ക് തന്നെ വാക്സിന്‍ ജനങ്ങള്‍ക്ക് നല്‍കും എന്നാണറിയിച്ചത്. മൂവായിരം ഡോസ് സൗജന്യമായി നല്‍കാമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

harshina.jpg harshina.jpg
കേരളം2 hours ago

ദുരിതത്തിന് അറുതിയില്ല; ഹർഷീനയ്ക്ക് വീണ്ടും ശസ്ത്രക്രിയ

Screenshot 20240420 103430 Opera.jpg Screenshot 20240420 103430 Opera.jpg
കേരളം8 hours ago

കല്യാശേരിയിലെ കള്ളവോട്ടില്‍ 6 പേർക്കെതിരെ കേസ്, 5 ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു

images 17.jpeg images 17.jpeg
കേരളം1 day ago

ജെസ്ന ഗര്‍ഭിണി അല്ലായിരുന്നു; ജെസ്ന കേസില്‍ വിശദീകരണവുമായി സിബിഐ

20240419 160932.jpg 20240419 160932.jpg
കേരളം1 day ago

പൂരത്തിന്റെ സൈബര്‍ സുരക്ഷ അഖിലയുടെ കൈകളില്‍ ഭദ്രം

NAVAKERALA BUS 2.jpg NAVAKERALA BUS 2.jpg
കേരളം1 day ago

നവകേരള ബസ് സർവീസിലേക്ക്, ഇനി പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം

drunken drive ganeshkumar drunken drive ganeshkumar
കേരളം2 days ago

ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടി; സ്വകാര്യ ബസുകളിലും പരിശോധന

nikhitha kochi died nikhitha kochi died
കേരളം2 days ago

കളിക്കുന്നതിനിടെ മൂന്നാം നിലയിൽ നിന്ന് വീണ് വിദ്യാ‍ർഥിനി മരിച്ചു

John Brittas MP.jpg John Brittas MP.jpg
കേരളം3 days ago

കേരള യൂണിവേഴ്‌സിറ്റിയിൽ ജോൺ ബ്രിട്ടാസിന്റെ പ്രസംഗം വിസി തടഞ്ഞു

monson wife.jpg monson wife.jpg
കേരളം3 days ago

പെന്‍ഷന്‍ ക്യൂവില്‍ നില്‍ക്കെ മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു

double ducker train double ducker train
കേരളം3 days ago

കേരളത്തിലേക്കും ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ വരുന്നു

വിനോദം

പ്രവാസി വാർത്തകൾ